Tuesday, December 9, 2025

യു.എസ് തൊഴിലാളികളെ പിരിച്ചുവിട്ട് വിദേശികളെ നിയമിക്കുന്ന കമ്പനികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സെനറ്റർ

വാഷിംങ്ടൺ ഡി.സി: യു.എസ്. തൊഴിലാളികളെ പിരിച്ചുവിട്ട് പകരം താത്കാലിക എച്ച്-1ബി (H-1B) വിസയിൽ വിദേശ തൊഴിലാളികളെ വൻതോതിൽ നിയമിക്കുന്ന വൻകിട കമ്പനികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ യു.എസ് സെനറ്റർ റൂബൻ ഗല്ലേഗോ. തൊഴിൽ വകുപ്പ് സെക്രട്ടറി ലോറി ഷാവേസ്-ഡിറെമർ, യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ഡയറക്ടർ ജോസഫ് എഡ്‌ലോ, അറ്റോർണി ജനറൽ പമേല ബോണ്ടി എന്നിവരോടാണ്‌ എച്ച്-1ബി വിസയുടെ ദുരുപയോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സെനറ്റർ ആവശ്യപ്പെട്ടത്‌. സാങ്കേതിക, ബാങ്കിംഗ് മേഖലകളിലെ കമ്പനികൾ തദ്ദേശീയരായ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയും അതേസമയം, ‘സ്പെഷ്യാലിറ്റി ഒക്യുപ്പേഷൻ’ വിഭാഗത്തിൽ വരുന്ന എച്ച്-1 ബി വിസയിൽ വിദേശ ഹൈ-സ്‌കിൽഡ് തൊഴിലാളികളെ നിയമിക്കുന്നത് തുടരുകയും ചെയ്യുന്നതിലാണ്‌ സെനറ്റർ ഗല്ലേഗോയുടെ ആശങ്ക. കുടിയേറ്റ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുമെങ്കിലും, അത് അമേരിക്കൻ തൊഴിലാളികളെ മാറ്റിസ്ഥാപിക്കാനോ അവരുടെ വേതനം കുറയ്ക്കാനോ ഉപയോഗിക്കരുതെന്നും സെനറ്റർ വ്യക്തമാക്കി.

ടെക് കമ്പനികൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. എന്നാൽ, യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (USCIS) വിവരങ്ങൾ പ്രകാരം, 2025 സാമ്പത്തിക വർഷത്തിൽ ഈ കമ്പനികൾക്ക് 30,000-ത്തിലധികം വിദേശ എച്ച്-1ബി തൊഴിലാളികളെ നിയമിക്കാൻ അനുമതി ലഭിച്ചു. ഈ പ്രവണതകൾ പുതുതായി ബിരുദം നേടിയ അമേരിക്കൻ ടെക് തൊഴിലാളികൾക്കിടയിലെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് കണക്കിലെടുക്കുമ്പോൾ, ആശങ്കാജനകമാണെന്ന് സെനറ്റർ ചൂണ്ടിക്കാട്ടി. എച്ച്-1ബി വിസ ദുരുപയോഗം തടയുന്നതിനായി യു.എസ്. തൊഴിൽ വകുപ്പ് സെപ്റ്റംബറിൽ ആരംഭിച്ച ‘പ്രൊജക്റ്റ് ഫയർവാൾ’ പദ്ധതിയുടെ പ്രവർത്തനം സംബന്ധിച്ചും, ‘എച്ച്-1ബി തട്ടിപ്പിനെ’ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ചും സെനറ്റർ ഗല്ലേഗോ ചോദ്യങ്ങൾ ഉന്നയിക്കുന്നു. അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട ശേഷം എച്ച്-1ബി അപേക്ഷകൾ സമർപ്പിച്ച കമ്പനികളെ കുറിച്ച്‌ അന്വേഷിക്കണമെന്നും അമേരിക്കൻ ജീവനക്കാർക്ക്‌ മുൻഗണന നൽകാനുള്ള നിർബന്ധനകൾ കമ്പനികൾ പാലിക്കുന്നുണ്ടെന്ന്‌ എങ്ങനെയാണ്‌ ഉറപ്പാക്കുന്നു എന്നതുമാണ്‌ സെനറ്ററുടെ ചോദ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!