കൊച്ചി: വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിക്കുന്നത്. തെളിവുകൾ നശിപ്പിച്ചു എന്ന ആരോപണങ്ങൾ, ജാമ്യം റദ്ദാക്കൽ ശ്രമങ്ങൾ, നടപടികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം എന്നിവയുമായി ബന്ധപ്പെട്ട് കേസിൽ നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു.
2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. കൊച്ചിക്ക് പുറത്ത് വെച്ച് പ്രമുഖ മലയാള നടിയെ ഓടുന്ന വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയും, രണ്ട് മണിക്കൂറോളം ഒരു സംഘം ആക്രമിക്കുകയും ചെയ്തു എന്നാണ് കേസ്. നടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉദ്ദേശിച്ച് ഈ സംഭവം ചിത്രീകരിച്ചതായും ആരോപണമുണ്ട്. ഈ കുറ്റകൃത്യത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2017 ജൂലൈയിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു. 88 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. പ്രധാന പ്രതിയായ പൾസർ സുനിയും ദിലീപ് ഉൾപ്പെടെയുള്ള മറ്റ് പ്രതികളും നിലവിൽ ജാമ്യത്തിലാണ്.

കേസിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. 2019-ൽ, ആക്രമണ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. വിചാരണ പൂർത്തിയാക്കാനുള്ള സമയപരിധി ആദ്യം 2023 ജനുവരി 31 വരെയും, പിന്നീട് 2024 മാർച്ച് 31 വരെയും നീട്ടി നൽകിയിരുന്നു. ഈ വർഷം ഓഗസ്റ്റിൽ, കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ നിന്ന് കേരള ഹൈക്കോടതി സ്റ്റാറ്റസ് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
