ബാങ്കോക്ക്: കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ തായ്‌ലാൻഡ് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട സമാധാന കരാർ ലംഘിച്ചതാണ് സംഘർഷം രൂക്ഷമാക്കിയത്. കരാർ ലംഘിച്ചതായി ഇരു രാജ്യങ്ങളും പരസ്പരം ആരോപിച്ചു. ജൂലൈയിൽ ആരംഭിച്ച സംഘർഷത്തിൽ 43 പേർ കൊല്ലപ്പെടുകയും മൂന്ന് ലക്ഷം പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തായ് സൈനികർക്ക് കുഴിബോംബ് സ്ഫോടനത്തിൽ പരുക്കേറ്റതിനെ തുടർന്നാണ് കരാറിൽ നിന്ന് പിൻമാറിയതെന്ന് തായ്‌ലാൻഡ് അറിയിച്ചു.
തായ്‌ലാൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി തർക്കത്തിന് പ്രധാന കാരണം, അന്താരാഷ്ട്ര കോടതി വിധി പ്രകാരം തായ്‌ലൻഡിന് ഉടമസ്ഥാവകാശം ലഭിച്ച പുരാതന ശിവക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കമാണ്. സൈനിക ശേഷിയിൽ തായ്‌ലൻഡ് കംബോഡിയയെക്കാൾ ഏറെ മുന്നിലാണ്.

അതിർത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതിന് മുൻപ് തായ്‌ലാൻഡ് പ്രധാനമന്ത്രിയായിരുന്ന പയേതുങ്താൻ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കിയിരുന്നു. കംബോഡിയൻ സെനറ്റ് പ്രസിഡന്റ് ഹുൻ സായെനിനെ ‘അങ്കിൾ’ എന്ന് വിളിച്ചതും ഒരു തായ് സൈനിക ജനറലിനെ ഫോൺ സംഭാഷണത്തിൽ കുറ്റപ്പെടുത്തിയതുമാണ് പുറത്താക്കലിന് കാരണമായത്. ഫോൺ സംഭാഷണം ചോർന്നതിനെ തുടർന്നായിരുന്നു ഈ നടപടി.
