ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് 90-ന് മുകളിലെത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ 16 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഇതോടെ ഒരു ഡോളറിന് 90.11 രൂപ നൽകേണ്ട അവസ്ഥയിലാണ്. ഇതിന്റെ ഫലമായി ഓഹരി വിപണിയിൽ സെൻസെക്സ് 350 പോയിന്റ് ഇടിയുകയും ചെയ്തു. വെള്ളിയാഴ്ച 89.95 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചിരുന്നത്. ആറുമാസത്തിനിടെ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് കുറച്ചതാണ് വെള്ളിയാഴ്ച രൂപയുടെ മൂല്യത്തിൽ നേരിയ പ്രതിഫലനം നൽകിയത്.

രൂപയുടെ മൂല്യം ഇടിയുന്നതിന് പ്രധാന കാരണം എണ്ണവില വർധനയും വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കുമാണ് (Capital Outflow). ഇതിനുപുറമേ, ഇറക്കുമതി ചെയ്യുന്നവരുടെയും കോർപ്പറേറ്റ് കമ്പനികളുടെയും ഡോളർ ആവശ്യകത വർധിച്ചതും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു. ഡിസംബർ 10-ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾക്ക് തുടക്കമാകും. ഈ ചർച്ചകളിൽ ഉണ്ടാകുന്ന തീരുമാനങ്ങൾ വരും ദിവസങ്ങളിൽ രൂപയുടെ മൂല്യത്തെ ശക്തമായി സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
