ഓട്ടവ : പൈലറ്റുമാരുടെ യൂണിയൻ നൽകിയ പണിമുടക്ക് നോട്ടീസിന്റെ പശ്ചാത്തലത്തിൽ, സർവീസുകൾ ഘട്ടംഘട്ടമായി നിർത്തുമെന്ന് എയർ ട്രാൻസാറ്റ്. മൺട്രിയോൾ ആസ്ഥാനമായ എയർലൈൻ ഈ പണിമുടക്ക് നോട്ടീസ് ‘കൃത്യമായ കാരണമില്ലാത്തത്’ ആണെന്ന് പ്രതികരിച്ചെങ്കിലും, മുന്നൊരുക്കങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ വിമാന സർവീസുകൾ കുറയ്ക്കുമെന്ന് വ്യക്തമാക്കി. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും, എന്നാൽ ബുധനാഴ്ച പുലർച്ചെയോടെ പണിമുടക്ക് ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ ആവശ്യമായി വന്നുവെന്നും കമ്പനി അറിയിച്ചു.

തിങ്കളാഴ്ച ഭാഗികമായും ചൊവ്വാഴ്ച പൂർണ്ണ റദ്ദാക്കലും നടപ്പാക്കാനാണ് എയർലൈൻ തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാർ വിദേശത്ത് കുടുങ്ങാതിരിക്കാനായി അവരെ നാട്ടിലെത്തിക്കുന്ന പ്രത്യേക സർവീസുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തോളം ചർച്ചകൾ നടത്തിയിട്ടും ശമ്പളത്തെയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ച് മാനേജ്‌മെന്റുമായി കരാറിലെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് പൈലറ്റുമാരുടെ യൂണിയൻ (ALPA) 72 മണിക്കൂർ പണിമുടക്ക് മുന്നറിയിപ്പ് നൽകിയത്.

ഈ സാഹചര്യത്തിൽ യാത്രക്കാർക്കിടയിൽ ആശങ്ക ശക്തമായിരിക്കുകയാണ്. ടൊറൻ്റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ നിന്ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് യാത്ര തിരിക്കുന്നവർക്ക് മടക്കയാത്രയിലെ വിമാനങ്ങൾ റദ്ദാക്കുമോ എന്നതിനെക്കുറിച്ച് ഭയമുണ്ട്. ചിലർ യാത്ര റദ്ദാക്കാൻ ആലോചിക്കുമ്പോൾ, മറ്റുചിലർ മടക്കയാത്രക്കായി മറ്റ് എയർലൈൻ ടിക്കറ്റുകൾ വാങ്ങി മുന്നൊരുക്കം ചെയ്യുകയാണ്. പണിമുടക്ക് ആരംഭിക്കുന്നതിന് മുമ്പ് വിമാനങ്ങൾ റദ്ദാക്കിയാൽ 1,000 ഡോളർ വരെ നഷ്ടപരിഹാരം ലഭിക്കാമെന്ന് യാത്രാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. സ്ഥിതിഗതികൾ വഷളായി വരുന്നതിനിടെ, ഫെഡറൽ സർക്കാർ ഇരുവിഭാഗത്തോടും ഉടൻ തന്നെ ധാരണയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
