റെജൈന : സെന്റ് പോൾസ് ആശുപത്രിയിൽ സുരക്ഷാ നടപടികൾ അടിയന്തരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സസ്കാച്വാൻ നഴ്സസ് യൂണിയൻ (SUN). കഴിഞ്ഞ മാസം ഒരാൾ ഷോട്ട്ഗണും മൂന്ന് കത്തികളും സഹിതം അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ച സംഭവത്തെത്തുടർന്നാണ് നടപടി വേണമെന്ന ആവശ്യം ഉയർന്നത്. അക്രമാസക്തനായ ആയുധധാരിയെ പൊലീസിന്റെ സഹായത്തോടെയാണ് പിന്നീട് അറസ്റ്റ് ചെയ്തത്. ഇത്തരം സംഭവങ്ങൾ ആശുപത്രി ജീവനക്കാരുടെ ജീവന് ഭീഷണിയാണെന്നും, എല്ലാ സൗകര്യങ്ങളിലും മെറ്റൽ ഡിറ്റക്ടറുകളും സുരക്ഷാ ഗാർഡുകളും വേണമെന്നും യൂണിയൻ പ്രസിഡന്റ് ബ്രൈസ് ബോയ്ന്റൺ ആവശ്യപ്പെട്ടു.

അഡിക്ഷൻ, മാനസികാരോഗ്യ പ്രശ്നങ്ങൾ പോലുള്ള സാമൂഹിക പ്രശ്നങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് പ്രതിപക്ഷവും ഭരണകക്ഷിയും അഭിപ്രായപ്പെട്ടു. നിയമം നടപ്പിലാക്കുന്നതിനൊപ്പം ഇവർക്ക് പിന്തുണ നൽകുമെന്നും പ്രീമിയർ സ്കോട്ട് മോ ഉറപ്പുനൽകി. ആശുപത്രികളിലെ അക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷ ഉറപ്പാക്കാൻ എഐ സഹായത്തോടെയുള്ള ആയുധം കണ്ടെത്തൽ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് ഫണ്ട് അനുവദിച്ചതായി സസ്കാച്വാൻ ഹെൽത്ത് അതോറിറ്റി (SHA) അറിയിച്ചു.
