എഡ്മിന്റൻ : ആൽബർട്ടയുടെ നോർത്തേൺ, സൗത്ത്-ഈസ്റ്റേൺ ഭാഗങ്ങളിൽ അതിശൈത്യ കാലാവസ്ഥയ്ക്ക് സാധ്യത. ഗ്രാൻഡ് പ്രെയറി ഉൾപ്പെടുന്ന നോർത്തേൺ മേഖലകളിൽ 15 മുതൽ 30 സെൻ്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. മഞ്ഞ് അടിഞ്ഞുകൂടുന്നതിനാലും ദൃശ്യപരത കുറയുന്നതിനാലും യാത്ര ദുഷ്‌കരമാകാൻ സാധ്യതയുണ്ട്.

റെഡ് ഡീർ, മെഡിസിൻ ഹാറ്റ് ഉൾപ്പെടെയുള്ള എഡ്മിന്റനിന്റെ സതേൺ ഭാഗങ്ങളിലും ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതായി ഏജൻസി അറിയിച്ചു. പ്രദേശത്ത് കനത്ത മഴ, ശക്തമായ കാറ്റ്, മഞ്ഞുമഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ നേർത്ത്-വെസ്റ്റേൺ കാറ്റ് വീശാനും താപനില പെട്ടെന്ന് പൂജ്യത്തിന് താഴെയാകാനും സാധ്യതയുള്ളതായും പ്രവചനമുണ്ട്. റോക്കി മലനിരകളിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും, ഫ്രീസിങ് റെയിനിന് സാധ്യതയുള്ളതിനാൽ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
