ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾക്കായി യു.എസ് ഡെപ്യൂട്ടി വ്യാപാര പ്രതിനിധി റിക് സ്വിറ്റ്സർ ഇന്ന് ഇന്ത്യയിലെത്തും. ഡൽഹിയിലെത്തുന്ന അദ്ദേഹം ഇന്ത്യൻ പ്രതിനിധി രാജേഷ് അഗർവാളുമായി ചർച്ച നടത്തും. ഈ മാസം 11 വരെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചർച്ചകളിൽ വ്യാപാരവുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിഷയങ്ങളും പരിഗണിക്കും. അനുബന്ധമായി വ്യാപാര കരാർ ചർച്ചകളിലെ മുഖ്യ യു.എസ് കൂടിയാലോചകനായ ബ്രൻഡൻ ലിഞ്ച് ഇന്ത്യൻ വാണിജ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ദർപൺ ജെയിനിനെയും കാണും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ (BTA) സംബന്ധിച്ച സുപ്രധാന ചർച്ചകൾക്ക് ഇതോടെ ന്യൂഡൽഹിയിൽ തുടക്കമാകുന്നത്. ഡെപ്യൂട്ടി യു.എസ്. വ്യാപാര പ്രതിനിധി അംബാസഡർ റിക്ക് സ്വിറ്റ്സർ നയിക്കുന്ന ഉന്നതതല സംഘമാണ് എത്തുന്നത്. ഡിസംബർ 10, 11 തീയതികളിലാണ് ചർച്ചകൾ പ്രധാനമായും നടക്കുന്നത്.

നിലവിൽ 191 ബില്യൺ ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ 40,000 കോടി ഡോളറായി വർദ്ധിപ്പിക്കുകയാണ് Bilateral Trade Agreement (BTA) യുടെ ലക്ഷ്യം. ഈ വർഷം അവസാനത്തോടെ BTA-യുടെ ഒന്നാം ഘട്ടം അന്തിമമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഈ വർഷം തന്നെ പ്രശ്നത്തിൽ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് വാണിജ്യസെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തിയത് കരാർ പുരോഗതിക്ക് വലിയ തടസ്സമായിരുന്നു. പിന്നീട് ഇത് 25 ശതമാനം കൂടി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ താരിഫ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ഫ്രെയിംവർക്ക് ട്രേഡ് ഡീലിലും അതോടൊപ്പം സമഗ്രമായ ഒരു BTA-യിലും ഇന്ത്യയും യു.എസും സമാന്തര ചർച്ചകൾ നടത്തുന്നുണ്ട്.
