ഓട്ടവ : ആശങ്ക ഒഴിയുന്നു, പൈലറ്റുമാരുടെ യൂണിയനായ എയർ ലൈൻ പൈലറ്റ്സ് അസോസിയേഷനുമായി (ALPA) താൽക്കാലിക കരാറിലെത്തിയതായി ട്രാൻസാറ്റ് എടി ഇൻകോർപ്പറേറ്റഡ് അറിയിച്ചു.
“ഈ കാലയളവ് കാര്യമായ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം, സമീപ ദിവസങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതിൽ ഉപഭോക്താക്കളോട് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” ട്രാൻസാറ്റിന്റെ പ്രസിഡന്റും സിഇഒയുമായ ആനിക് ഗ്വെറാർഡ് പറഞ്ഞു. കമ്പനിയുടെ അടിയന്തര മുൻഗണന പ്രവർത്തനങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കാനാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം കമ്പനിയോ എയർ ട്രാൻസാറ്റ് പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനോ താൽക്കാലിക കരാറിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച മുതൽ പണിമുടക്കാൻ എയർ ട്രാൻസാറ്റ് പൈലറ്റുമാർ ഒരുങ്ങിയിരുന്നു. ഒരു വർഷത്തോളം ചർച്ചകൾ നടത്തിയിട്ടും ശമ്പളത്തെയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ച് മാനേജ്മെന്റുമായി കരാറിലെത്താൻ സാധിക്കാത്തതിനെ തുടർന്ന് പൈലറ്റുമാരുടെ യൂണിയൻ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
