റെജൈന : പുതുവർഷം പിറക്കുന്നതിന് മുന്നോടിയായി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ. നിലവിലെ മൂന്ന് മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെട്ടപ്പോൾ അഞ്ച് പുതിയ എംഎൽഎമാർ ആദ്യമായി മന്ത്രിസഭയിലേക്ക് കടന്നുവന്നു. ട്രാവിസ് കെയ്‌സിഗ്, ഡാരിൽ ഹാരിസൺ, കോളീൻ യങ് എന്നിവരെ യഥാക്രമം പരിസ്ഥിതി, കൃഷി, ഊർജ്ജ- വിഭവ എന്നീ വകുപ്പുകളുടെ ചുമതലകളിൽ നിന്ന് മാറ്റി. മൂന്ന് പേരും നിയമസഭാ സമിതിയുടെ അധ്യക്ഷന്മാരായി സേവനമനുഷ്ഠിക്കും. മന്ത്രിസഭാ പുനഃസംഘടനയോടെ കാബിനറ്റ് അംഗങ്ങളുടെ എണ്ണം 16 ൽ നിന്ന് 18 ആയി ഉയർന്നു.

മൈക്ക് വെഗർ, ക്രിസ് ബ്യൂഡ്രി, ഡാർലിൻ റൗഡൻ, കിം ഗാർട്ട്നർ, ഷോൺ വിൽസൺ എന്നിവരാണ് മന്ത്രിസഭയിലെ അഞ്ച് പുതുമുഖങ്ങൾ. വെയ്‌ബേൺ-ബെൻഗോയുടെ എംഎൽഎയായ വെഗർ, കമ്മ്യൂണിറ്റി സുരക്ഷാ മന്ത്രിയുടെ ചുമതല ഏറ്റെടുക്കും. കൂടാതെ സസ്കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസിയുടെ ഉത്തരവാദിത്തമുള്ള മന്ത്രിയായും അദ്ദേഹം പ്രവർത്തിക്കും. ബ്യൂഡ്രി ഊർജ്ജ, വിഭവ മന്ത്രിയായി പ്രവർത്തിക്കുമ്പോൾ റൗഡൻ പരിസ്ഥിതി മന്ത്രിയായി മന്ത്രിസഭയിൽ പ്രവേശിക്കും. ഗാർട്ട്നർ ഹൈവേ മന്ത്രിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ വിൽസൺ സാസ്‌ക്ബിൽഡ്‌സ് ആൻഡ് പ്രൊക്യുർമെൻ്റ് മന്ത്രിയായും ചുമതലയേൽക്കും.

നാല് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഡേവിഡ് മാരിറ്റ് കൃഷി മന്ത്രിയായും സസ്കാച്വാൻ ക്രോപ്പ് ഇൻഷുറൻസ് കോർപ്പറേഷന്‍റെ ഉത്തരവാദിത്തമുള്ള മന്ത്രിയായും സേവനമനുഷ്ഠിക്കും. കെൻ ഷെവൽഡയോഫ് അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ മന്ത്രിയായി തുടരും. എന്നാൽ, അദ്ദേഹത്തിന് ജോലിസ്ഥല സുരക്ഷാ മന്ത്രിയുടെ അധികച്ചുമതല കൂടി നൽകിയിട്ടുണ്ട്. ഗവൺമെൻ്റ് റിലേഷൻസ് ആൻഡ് ഫസ്റ്റ് നേഷൻസ്, മെറ്റിസ്, നോർത്തേൺ അഫയേഴ്‌സ് മന്ത്രിയായ എറിക് ഷ്മാൽസ് ഇമിഗ്രേഷൻ, കരിയർ പരിശീലന മന്ത്രിയുടെ ചുമതല കൂടി വഹിക്കും. നിലവിൽ വ്യാപാര, കയറ്റുമതി വികസന മന്ത്രിയായ വാറൻ കെയ്ഡിങ് സസ്കാച്വാൻ ലിക്വർ, ഗെയിമിങ് അതോറിറ്റിയുടെ ഉത്തരവാദിത്തമുള്ള മന്ത്രിയാകും.
