ടൊറൻ്റോ : ഡഗ് ഫോർഡ് സർക്കാർ സംഭരിച്ചിരിക്കുന്ന യുഎസ് മദ്യശേഖരം വിൽക്കണമെന്ന ആവശ്യവുമായി ഒൻ്റാരിയോ ലിബറൽ പാർട്ടി രംഗത്ത്. യുഎസ് മദ്യം വിൽക്കുന്നതിന് ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒൻ്റാരിയോയ്ക്ക് നിർദ്ദേശം നൽകണമെന്നും അതിൽ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകണമെന്നും ലിബറൽ പാർട്ടി പാർലമെന്‍ററി ലീഡർ ജോൺ ഫ്രേസർ ആവശ്യപ്പെട്ടു. അതേസമയം പ്രവിശ്യ സർക്കാർ ഈ ആശയം തള്ളിക്കളഞ്ഞിട്ടില്ല. നിലവിൽ ഏകദേശം എട്ടു കോടി ഡോളറിന്‍റെ അമേരിക്കൻ മദ്യം സംഭരിച്ചുവെച്ചിട്ടുണ്ട്. ഇതിൽ 20 ലക്ഷം ഡോളർ മദ്യത്തിന്‍റെ കാലാവധി അടുത്ത ആറുമാസത്തിനുള്ളിൽ കഴിയും.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്ക് മറുപടിയായി മാർച്ചിൽ എൽസിബിഒ ഷെൽഫുകളിൽ നിന്ന് ഫോർഡ് അമേരിക്കൻ മദ്യം പിൻവലിച്ചു. മറ്റ് മിക്ക പ്രവിശ്യകളും അമേരിക്കൻ മദ്യത്തിന്‍റെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. ഒൻ്റാരിയോയ്ക്ക് ഒപ്പം ആൽബർട്ടയും സസ്കാച്വാനും മാർച്ചിൽ യുഎസ് മദ്യ വിൽപ്പന നിർത്തിവച്ചിരുന്നു.

അതേസമയം നിരവധി പ്രവിശ്യകൾ സംഭരിച്ചുവെച്ചിരിക്കുന്ന യുഎസ് മദ്യം വിറ്റഴിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോഷ, മാനിറ്റോബ സർക്കാരുകൾ ഇതിനോടകം തന്നെ യുഎസ് മദ്യവിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന ലാഭത്തിലൊരു വിഹിതം പ്രവിശ്യയിലെ ഫുഡ് ബാങ്കുകൾക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
