സാസ്കറ്റൂൺ : നഗരത്തിൽ വ്യാജ ഡോളറുകൾ വ്യാപകമാവുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സാസ്കറ്റൂൺ പൊലീസ്. നവംബർ മുതൽ 100 ഡോളറിന്‍റെ വ്യാജ നോട്ടുകൾ എട്ട് കേസുകൾ ലഭിച്ചതായി പൊലീസ് പറയുന്നു. നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലും ഒരു വ്യക്തിക്കും ഒരേ സീരിയൽ നമ്പർ ഉള്ള ഡോളറുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ് വഴി മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാനാണ് ഈ വ്യാജ നോട്ടുകൾ കൂടുതലായി ഉപയോഗിക്കുന്നത്. കൂടാതെ റീട്ടെയിൽ സ്റ്റോറുകളിലും പിയർ-ടു-പിയർ വാങ്ങൽ-വിൽപ്പന ഇടപാടുകളിലും വ്യാജ ഡോളറുകൾ ഉപയോഗിക്കുന്നുണ്ട്.

യഥാർത്ഥ നോട്ടുകൾക്ക് ഓരോന്നിനും വ്യത്യസ്ത സീരിയൽ നമ്പർ ഉണ്ടായിരിക്കും. കൂടാതെ, നോട്ടുകളുടെ രൂപത്തിലും സ്പർശിക്കുമ്പോഴുള്ള ഘടനയിലും കള്ളനോട്ടുകളുമായി വ്യത്യാസങ്ങളുണ്ട്. അതിനാൽ, കള്ളനോട്ടുകൾ തിരിച്ചറിയാൻ അധികൃതർ നൽകുന്ന വിവരങ്ങൾ വ്യാപാരികളും പൊതുജനങ്ങളും ശ്രദ്ധിക്കണം. ഫ്രോണ്ടിയർ സീരീസ് എന്നറിയപ്പെടുന്ന ആധുനിക കനേഡിയൻ ഡോളറുകൾ പോളിമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ നിറം മാറ്റുന്ന ഹോളോഗ്രാഫിക് പോർട്രെയ്റ്റ് പോലുള്ള സുരക്ഷാ സവിശേഷതകളും കനേഡിയൻ ഡോളറിനുണ്ട്.
