മൺട്രിയോൾ: നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ തുടങ്ങിയ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഫ്രഞ്ച് ഭാഷയിലുള്ള ഉള്ളടക്കത്തിന് നിശ്ചിത പരിധി ഏർപ്പെടുത്താൻ കെബെക്ക് സർക്കാരിന് അധികാരം നൽകുന്ന പുതിയ നിയമം പാസാക്കി. കെബെക്ക് സാംസ്കാരിക പരമാധികാരം ഉറപ്പിക്കുകയും ഫ്രഞ്ച് ഭാഷാ സാംസ്കാരിക ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ബിൽ 109 ലൂടെ പ്രാബല്യത്തിൽ വരുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യ വളരുമ്പോൾ തങ്ങളുടെ സംസ്കാരം പിന്നോട്ട് പോകുന്നത് തടയുക, ഫ്രഞ്ച് ഭാഷാ ഉള്ളടക്കം പ്ലാറ്റ്ഫോമുകളിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് ബിൽ കൊണ്ടുദ്ദേശിക്കുന്നത്. പുതിയ നിയമം, കെബെക്കിൻ്റെ മനുഷ്യാവകാശ സ്വാതന്ത്ര്യ ചാർട്ടറിൽ ഫ്രഞ്ച് ഭാഷാ സാംസ്കാരിക ഉള്ളടക്കം കണ്ടെത്താനും അതിലേക്ക് പ്രവേശിക്കാനുമുള്ള അവകാശം നിയമപരമായി ഉൾപ്പെടുത്തി.യുവാക്കളിൽ 92 ശതമാനം പേർക്കും പ്ലാറ്റ്ഫോമുകളിൽ ഫ്രഞ്ച് ഭാഷാ സാംസ്കാരിക ഉള്ളടക്കം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്നും 2023-ൽ കെബെക്കിൽ ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെട്ട 10,000 ഗാനങ്ങളിൽ 8.5 ശതമാനം മാത്രമാണ് ഫ്രഞ്ച് ഭാഷയിലുള്ളതെന്നുമാണ് വിലയിരുത്തൽ. നിയമം പ്രാബല്യത്തിൽ വന്ന് 18 മാസങ്ങൾക്കുള്ളിൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നൽകേണ്ട ഫ്രഞ്ച് ഭാഷാ ഉള്ളടക്കത്തിൻ്റെ അനുപാതം സർക്കാർ ചട്ടങ്ങൾ വഴി നിശ്ചയിക്കുമെന്ന് സാംസ്കാരിക മന്ത്രി മാത്യു ലക്കോംബ് പറഞ്ഞു.

യൂറോപ്യൻ യൂണിയൻ ചില പ്ലാറ്റ്ഫോമുകൾക്ക് 30 ശതമാനം യൂറോപ്യൻ ഉള്ളടക്കം ആവശ്യപ്പെടുന്നുണ്ടെങ്കിലും കെബെക്കിനായുള്ള കൃത്യമായ ക്വാട്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ലക്കോംബ് കുറ്റപ്പെടുത്തി. നിയമം പാലിക്കാത്ത കമ്പനികൾക്ക് ഒരു ദിവസം 15,000 ഡോളർ വരെ പിഴ ചുമത്തും. അതേ സമയം ക്വാട്ട പാലിക്കാൻ കഴിയാത്ത കമ്പനികൾക്ക് സർക്കാരുമായി കരാറിൽ ഏർപ്പെടാം. നിയമവും ചട്ടങ്ങളും കരാറുകളും നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനായി സാംസ്കാരിക വകുപ്പിന് കീഴിൽ ഡിസ്കവറബിലിറ്റി ബ്യൂറോ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മൂന്ന് വർഷം കൂടുമ്പോഴും നിയമത്തിൻ്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കും. കെബെക്കിൻ്റെ ഡിജിറ്റൽ യുഗത്തിലെ സാംസ്കാരിക പരമാധികാരംസംബന്ധിച്ച് 2024 ജനുവരിയിൽ പുറത്തിറക്കിയ ഉപദേശക സമിതി റിപ്പോർട്ടിനെ തുടർന്നാണ് ഈ നിയമനിർമ്മാണം കൊണ്ടു വന്നത്.
