നീണ്ട ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി. പ്രശസ്ത സംഗീത സംവിധായകൻ, സ്റ്റീഫൻ ദേവസ്സിയുടെ ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്കെയിപ്‌സ് സ്റ്റുഡിയോയിലായിരുന്നു തുടക്കം. തികച്ചും ലളിതമായ ചടങ്ങിൽ നടൻ ഇന്ദ്രജിത്ത്, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിധിൻ മൈക്കിൾ ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ അഭിനേതക്കളും അണിയറ പ്രവർത്തകരുമായ സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രജീഷ് മിഥില , കലാസംവിധായകൻ ഷംജിത്ത് രവി, നിർമ്മാതാവ് ഷനാസ് ഹമീദ്, ഇന്ദ്രൻസ്, കോട്ടയം നസീർ ബാലു വർഗീസ്, ഉണ്ണിരാജ എന്നിവർ ഭദ്രദീപം തെളിയിച്ചു. കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ പടു കൂറ്റൻ സെറ്റിൽ ഇന്ദ്രൻസും ബോളിവുഡ് മോഡലും നടിയുമായ അജ്ഞലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ് ആദ്യം ചിത്രീകരിക്കപ്പെടുന്നത്. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണിത്. ക്വീൻ ഐലൻ്റ് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.

ഈ ഐലൻ്റിൽ നിരവധി പ്രശ്നങ്ങളും, അൽപ്പം തരികിട പരിപാടികളുമായി കഴിയുന്ന എഡിസൺ എന്ന യുവാവിൻ്റെ ജീവിതത്തിലേക്ക് എഡിസനേക്കാളും വലിയ പ്രശ്നങ്ങളുമായി അനന്തരവൻ ഗബ്രിയേൽ കൂടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. മുഴുനീള ഫൺ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ബാലു വർഗീസ്സുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാബുരാജ്, ഷമ്മി തിലകൻ,കോട്ടയം നസീർ, ജനാർദ്ദനൻ, ഉണ്ണിരാജ, നസീർ സംക്രാന്തി, ബോളിവുഡ് നടൻ പങ്കജ്ജാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സ്റ്റോറി ലാബ്മൂവീസിൻ്റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും. സംഗീതം: ഗോപി സുന്ദർ, ഛായാഗ്രഹണം: കിരൺ കിഷോർ, എഡിറ്റിംഗ്, സാജൻ, കലാ സംവിധാനം: ഷംജിത്ത് രവി, കോസ്റ്റ്യും ഡിസൈൻ: സൂര്യ ശേഖർ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: നിധിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ: അഖിൽ വി. മാധവ്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി: ഷോ ബി പോൾ രാജ്, പ്രൊഡക്ഷൻ മാനേജർ: സുന്നിൽ. പി.എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: നസീർ കാരത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് കാരന്തൂർ. കൊച്ചിയിലും കൊൽക്കത്തയിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണംപൂർത്തിയാകും. പി.ആർ.ഒ വാഴൂർ ജോസ്
