സാസ്കറ്റൂൺ : ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി സാസ്കറ്റൂൺ സിറ്റി. ഫെഡറൽ ഫണ്ട് ഉപയോഗിച്ച് നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ആറ് സ്ഥലങ്ങൾ വാങ്ങാൻ സിറ്റി ഹാൾ നിർദ്ദേശം നൽകി. റിവേഴ്സ്ഡെയിൽ (Riversdale), പ്ലസന്റ് ഹിൽ (Pleasant Hill) പ്രദേശങ്ങളോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത ബുധനാഴ്ച സിറ്റി കൗൺസിൽ പരിഗണിക്കും. ഇതിൽ ഇംപീരിയൽ ഓയിൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥലങ്ങൾ ഉൾപ്പെടുന്നു. വർഷങ്ങളായുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം ദശാബ്ദങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഈ മൂന്ന് സ്ഥലങ്ങളും (കമ്പനിയുടെ രണ്ടും, നഗരത്തിന്റെ ഒന്നുമായി) 7 ലക്ഷം ഡോളർ നൽകി വാങ്ങാനാണ് നിർദ്ദേശം. ഭവനരഹിതർക്ക് സേവനങ്ങൾ, സാമൂഹിക ഭവനങ്ങൾ, നാവിഗേഷൻ സേവനങ്ങൾ എന്നിവ സ്ഥാപിക്കാൻ ഈ സ്ഥലം ഉപയോഗിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതുകൂടാതെ, 10 ലക്ഷം ഡോളർ ചെലവിൽ റിവേഴ്സ്ഡെയിലിലും പ്ലസന്റ് ഹില്ലിലുമായി മൂന്ന് സ്ഥലങ്ങൾ കൂടി വാങ്ങി ഭാവിയിൽ തദ്ദേശീയ സംഘടനകളുമായി ചേർന്ന് സഹായ ഭവനങ്ങൾ വികസിപ്പിക്കാനും പദ്ധതിയുണ്ട്. അതേസമയം, 10 ഡോളർ മുടക്കി റിവേഴ്സ്ഡെയിലിലെ മുൻ റസ്റ്ററന്റ് ശൈത്യകാല വാമിങ് സെന്ററാക്കി മാറ്റാനുള്ള ഒക്ടോബറിലെ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പാട്ടക്കരാറിനും കൗൺസിൽ അംഗീകാരം നൽകേണ്ടതുണ്ട്. 150 പേർക്ക് സൗകര്യം ഒരുക്കാൻ കഴിയുന്ന ഈ കേന്ദ്രത്തിന്റെ നടത്തിപ്പ് സാസ്കറ്റൂൺ ട്രൈബൽ കൗൺസിൽ ഏറ്റെടുക്കും. നിലവിൽ സ്ത്രീകൾക്കായുള്ള താൽക്കാലിക കേന്ദ്രമാണ് ട്രൈബൽ കൗൺസിൽ നടത്തുന്നത്. സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, പ്രദേശത്തെ സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ച് കമ്മ്യൂണിറ്റി സേവന സമിതി ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
