ബ്രാംപ്ടൺ : നഗരത്തിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. ബ്രാംപ്ടണിലെ ദക്ഷിണേഷ്യൻ സമൂഹത്തിൽ നിന്നുള്ള രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. മൻജോത് ഭട്ടി (26), നവജോത് ഭട്ടി (26), അമൻജോത് ഭട്ടി (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നിരവധി തോക്കുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.

ഒക്ടോബർ 7 ന്, ഏകദേശം രാത്രി 10.45 ന്, മക്‌വീൻ ഡ്രൈവിലെ കാസിൽമോർ റോഡിലുള്ള പാർക്കിങ് സ്ഥലത്താണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ഉൾപ്പെട്ട ഒരു പ്രതി ഒളിവിലാണ്. ഇയാളും ദക്ഷിണേഷ്യക്കാരനാണെന്ന് റിപ്പോർട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ പൊതുജനത്തോട് അഭ്യർത്ഥിച്ചു.
