എഡ്മിന്റൻ : പ്രവിശ്യയിലെ ഗ്രാമീണ മേഖലയിലെ ഹൈവേകളിൽ വേഗ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചു. QEII ഹൈവേയുടെ ഒരു ഭാഗം ഉൾപ്പെടെ ചില ഭാഗങ്ങളിൽ, വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ഉയർത്തുമെന്ന് ഗതാഗത മന്ത്രി ഡെവിൻ ഡ്രീഷെൻ പ്രഖ്യാപിച്ചു. പ്രവിശ്യയിലുടനീളം നടന്ന സർവേയിൽ ശക്തമായ പൊതുജന പിന്തുണ ലഭിച്ചതിനെ തുടർന്നാണ് ഈ പരീക്ഷണം അടുത്ത വർഷം ആരംഭിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമീണ നിവാസികളുടെ യാത്രാ സമയം കുറയ്ക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 7 നും ഡിസംബർ 12 നും ഇടയിൽ നടന്ന ഓൺലൈൻ സർവേയിൽ, ഏകദേശം 60,000 ആൽബർട്ട നിവാസികൾ പങ്കെടുത്തു. ഗ്രാമീണ ഹൈവേകളിൽ വേഗപരിധി വർധിപ്പിക്കുന്നതിനെ സർവേയിൽ പങ്കെടുത്ത 68% ആളുകളും അനുകൂലിച്ചു. അതേസമയം കാൽഗറിയിലെ സ്റ്റോണി ട്രെയിൽ, ഡീർഫൂട്ട് ട്രെയിൽ പോലുള്ള നഗരപരിധിക്കുള്ളിലെ ഹൈവേകൾക്ക് ഈ വേഗപരിധി ബാധകമായിരിക്കില്ല.
