മൺട്രിയോൾ : വൻ വിവാദങ്ങൾ വിടാതെ പിന്തുടർന്നതോടെ ആറ് മാസത്തിലധികം മാത്രം നീണ്ട നേതൃസ്ഥാനത്തും നിന്നും പാബ്ലോ റോഡ്രിഗസ് രാജിവെക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കെബെക്ക് ലിബറൽ പാർട്ടി കോക്കസ് യോഗം ചേരും. യോഗത്തിന് ശേഷം റോഡ്രിഗസ് രാജി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉന്നതതല പിരിച്ചുവിടലുകൾ മുതൽ വോട്ടിന് പണവും സംഭാവന നൽകുന്നവരുടെ പ്രതിഫലവും സംബന്ധിച്ച ആരോപണങ്ങൾ വരെ ഉയർന്നതോടെ മുൻ ഫെഡറൽ കാബിനറ്റ് മന്ത്രിക്കെതിരെ കോക്കസിൽ നിന്നും എതിർ ശബ്‍ദങ്ങൾ ഉയർന്നിരുന്നു. ഒപ്പം യൂണിറ്റ് പെർമനൻ്റ് ആൻ്റികറപ്ഷൻ (യുപിഎസി) കെബെക്ക് ലിബറൽ പാർട്ടി (പിഎൽക്യു)ക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചതും റോഡ്രിഗസിനു തിരിച്ചടിയായി. ഇതോടെ പാബ്ലോ റോഡ്രിഗസിന്‍റെ രാജി ആവശ്യപ്പെട്ട് പാർട്ടിയിലെ നിരവധി മുൻ മന്ത്രിമാരും പാർലമെൻ്റ് അംഗങ്ങളും രംഗത്തെത്തിയിരുന്നു.

2022 നവംബറിൽ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശം തോൽവി ഏറ്റുവാങ്ങിയതോടെ സ്ഥാനമൊഴിഞ്ഞതോടെ ഡൊമിനിക് ആംഗ്ലേഡിന്‍റെ പിൻഗാമിയായി ജൂണിൽ റോഡ്രിഗസ് പാർട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.
