ഓട്ടവ : ഈ ആഴ്ചയിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഈ നറുക്കെടുപ്പിലൂടെ 6,000 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. കട്ട് ഓഫ് സ്കോർ നാനൂറിൽ താഴെയായി കുറഞ്ഞു എന്ന പ്രത്യേകതയുണ്ട് ഫ്രഞ്ച് ഭാഷാ വിഭാഗത്തിൽ നടന്ന ഈ നറുക്കെടുപ്പിന്. 399 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഇതുവരെ, 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി IRCC 117,998 ITAകൾ നൽകിയിട്ടുണ്ട്.

കൂടാതെ ഒരാഴ്ചയ്ക്കിടെ വിവിധ കാറ്റഗറികളിലായി പതിനൊന്നായിരത്തിലധികം ആളുകൾക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയത്. കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിൽ IRCC നടത്തിയ രണ്ടാമത്തെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യ നറുക്കെടുപ്പായിരുന്നു ഇന്ന് (ഡിസംബർ 17) നടന്നത്. ഈ വർഷം നടന്ന ഫ്രഞ്ച് ഭാഷാ വിഭാഗത്തിൽ നടന്ന ഒമ്പത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ 48,000 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
