ഓട്ടവ: രഹസ്യവിവരങ്ങൾ കൈമാറിയെന്ന കുറ്റത്തിന് നടപടി നേരിടുന്ന കനേഡിയൻ സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ മാത്യു റോബർ യുക്രെയ്നെ സഹായിക്കാനാണ് ശ്രമിച്ചതെന്ന് റിപ്പോർട്ട്. കാനഡയുടെ പ്രതിരോധ സുരക്ഷാ ഏജൻസികൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് ഈ കേസ് കാരണമായിട്ടുണ്ട്. വിദേശ ഏജന്റിന് പ്രത്യേക സൈനിക വിവരങ്ങൾ കൈമാറിയതടക്കം എട്ട് കുറ്റങ്ങളാണ് മാസ്റ്റർ വാറന്റ് ഓഫീസറായ റോബറിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച മിലിട്ടറി പൊലീസും ആർസിഎംപിയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് റോബർ അറസ്റ്റിലായത്. തുടർന്ന് തിങ്കളാഴ്ച നടന്ന വാദത്തിനൊടുവിൽ സൈനിക കോടതി ഇദ്ദേഹത്തിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. എന്നാൽ റോബർ വിവരങ്ങൾ കൈമാറിയ രാജ്യം ഏതാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്താൻ പ്രതിരോധ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല.

കനേഡിയൻ ഉദ്യോഗസ്ഥൻ വഴി 2024 മെയ് മാസത്തിൽ ഒരു യുക്രേനിയൻ പ്രതിനിധിയെ റോബർ പരിചയപ്പെട്ടതായാണ് വിവരം. വിവരസാങ്കേതിക മേഖലയിൽ കാനഡയ്ക്ക് നൽകാൻ കഴിയുന്ന പിന്തുണയെക്കുറിച്ച് ഇവർ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി 2024 സെപ്റ്റംബറിൽ ലിത്വാനിയയിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഒക്ടോബറിൽ റോബറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കാനഡയും യുക്രെയ്നും തമ്മിൽ ഔദ്യോഗികമായി രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിനുള്ള കരാർ നിലനിൽക്കെയാണ് ഈ കേസ് പുറത്തുവരുന്നത്. എന്നാൽ റോബർ കൈമാറിയ വിവരങ്ങളുടെ സ്വഭാവം വ്യക്തമല്ല. റഷ്യയ്ക്ക് വിവരങ്ങൾ കൈമാറിയതിന് 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ജെഫ്രി ഡെലിസിലിന്റെ കേസുമായി ഇതിന് സാമ്യമില്ലെന്ന് പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകനും കോടതിയെ അറിയിച്ചു.
മിലിട്ടറി പൊലീസും ഇന്റലിജൻസ് കമാൻഡും ഒരേസമയം രണ്ട് പ്രത്യേക അന്വേഷണങ്ങളാണ് റോബറിനെതിരെ നടത്തുന്നത്. കനേഡിയൻ സായുധ സേനയ്ക്കുള്ളിൽ നിന്ന് തന്നെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ബ്രിഗേഡിയർ ജനറൽ വനേസ ഹൻറഹാൻ വ്യക്തമാക്കി. ഒക്ടോബർ അവസാനത്തിൽ അറസ്റ്റ് ചെയ്ത റോബറിനെതിരെ അച്ചടക്ക നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
