വിനിപെഗ് : അതിശക്ത ന്യൂനമർദ്ദമായ ആൽബർട്ട ക്ലിപ്പർ കാരണം മാനിറ്റോബയിലൂടെ അതിശൈത്യ കൊടുങ്കാറ്റ് വീശുന്നു. മാനിറ്റോബയിലുടനീളം തുടരുന്ന കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമഴയും പ്രധാന ഹൈവേകൾ അടച്ചിടുന്നതിനും നിരവധി സർക്കാർ സേവനങ്ങളെ ബാധിക്കുകയും ചെയ്തു. 10 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നത്. കൂടാതെ വ്യാഴാഴ്ച ദിവസം മുഴുവൻ മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശും. തെക്കുകിഴക്കൻ മാനിറ്റോബയിൽ കാറ്റ് അത്ര ശക്തമാകില്ലെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, പ്രദേശത്ത് 10 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും.

ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം കാറ്റും കൂടിച്ചേരുമ്പോൾ വിസിബിലിറ്റി പൂജ്യമായി കുറയും. ഇതേ തുടർന്ന് പ്രവിശ്യയിലെ പ്രധാന ഹൈവേകൾ അടച്ചതായി മാനിറ്റോബ 511 അറിയിച്ചു. ഹൈവേ 1, ഹൈവേ 7, ഹൈവേ 8, ഹൈവേ 17, ഹൈവേ 5, ഹൈവേ 10, ഹൈവേ 16, ഹൈവേ 20, ഹൈവേ 45, ഹൈവേ 50, ഹൈവേ 83, ഹൈവേ 276, ഹൈവേ 278, ഹൈവേ 481 എന്നിവയാണ് അടച്ച പ്രധാന ഹൈവേകൾ. അടച്ചിട്ട റോഡുകളിൽ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രവിശ്യാ സർക്കാർ മുന്നറിയിപ്പ് നൽകി. ഹൈവേകളിൽ നിന്നും മഞ്ഞു നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു.

അതിശൈത്യകാലാവസ്ഥ പ്രവിശ്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. ബ്രാൻഡൻ സർവകലാശാല വ്യാഴാഴ്ച രാവിലെ അടച്ചിടുമെന്നും ഉച്ചയ്ക്ക് 12 മണിയോടെ മാത്രമേ തുറക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഗതാഗത തടസ്സം നേരിടുന്നതിനാൽ ഹോം കെയർ സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തേക്കാമെന്ന് വിനിപെഗ് റീജനൽ ഹെൽത്ത് അതോറിറ്റിയും സതേൺ ഹെൽത്തും അറിയിച്ചു. കഠിനമായ തണുപ്പിൽ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാൽ 211 എന്ന നമ്പറിൽ വിളിക്കുകയോ അടിയന്തര സാഹചര്യത്തിൽ 911 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് യുണൈറ്റഡ് വേ വിനിപെഗ് നിർദ്ദേശിച്ചു.
