ചെന്നൈ: പെരിയാറിൻറെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികളാണ് ഡിഎംകെയെന്നും തൻ്റെ പാർട്ടിയുടെ മുഖ്യശത്രുക്കൾ അവരാണെന്നും വിജയ്. കരൂർ ദുരന്തത്തിനു ശേഷം നടന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) തമിഴ്നാട്ടിലെ ആദ്യ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് തമിഴ്നാട്ടിൽ പ്രസക്തിയില്ലെന്നും കളത്തിൽ ഇല്ലാത്തവരെ കുറിച്ച് എന്ത് പറയാനാണെന്നും വിജയ് ചോദിച്ചു. അണ്ണാദുരൈയും എം.ജി.ആറും ആരുടേയും സ്വകാര്യ സ്വത്ത് അല്ല. പെരിയാറിന്റെ പേരു പറഞ്ഞ് നാടിനെ കൊള്ളയടിക്കുന്ന ഡിഎംകെയാണ് ടിവികെയുടെ രാഷ്ട്രീയ എതിരാളികളെന്നും വിജയ് പറഞ്ഞു. അധികാരത്തിൽ എത്തിയാൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നും വിജയ് ഉറപ്പു നൽകി.

എഐഎഡിഎംകെ നേതാവായിരുന്ന കെ. സെങ്കോട്ടയന്റെ ജന്മനാടായ വിജയമംഗലത്തിനടുത്തായിരുന്നു റാലി. സെങ്കോട്ടയൻ, എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കഴിഞ്ഞ മാസം ടിവികെയിൽ ചേർന്നിരുന്നു. ഈറോഡ് ജില്ലയിൽ എട്ട് നിയമസഭാ സീറ്റുകളാണുള്ളത്. കരൂർ ദുരന്തത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെയും വലിയ വിമർശനം നേരിട്ട സാഹചര്യത്തിൽ, ഈറോഡ് റാലിയുടെ സുരക്ഷയ്ക്കായി പൊലീസിൻ്റെ നേതൃത്വത്തിൽ ക്രമീകരണം ഒരുക്കിയിരുന്നു. അതേ സമയം തിരുപ്പരൻകുന്ത്രം ദീപം തെളിക്കൽ വിഷയത്തിലും തൊഴിലുറപ്പ് പദ്ധതിയിലും വിജയ് മൗനം പാലിച്ചു. ടിവികെയ്ക്കെതിരായ ഡിഎംകെയുടെ വിമർശനങ്ങൾക്കെല്ലാം വിജയ് മറുപടി നൽകി.
