കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി ഗാനം സമൂഹമാധ്യമങ്ങളിൽ നിന്നും മാറ്റാനുള്ള പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല സ്വർണപ്പാളി കവർച്ചയുടെ ഹാസ്യാവിഷ്കാരമായ ഗാനം നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷനേതാവ് മെറ്റയ്ക്ക് കത്തുനൽകിയത്. ഗാനം നീക്കം ചെയ്യാൻ പൊലീസ് ശ്രമിക്കുകയാണെന്നും എന്നാൽ കോടതി നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഗാനം നീക്കരുതെന്നാണ് കത്തിലെ ഉള്ളടക്കം. ഗാനം നീക്കം ചെയ്യുന്നത് പൗരൻമാരുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളുടെ കമ്പനിയായ മെറ്റയെ വി.ഡി. സതീശൻ ഓർമിപ്പിക്കുന്നു. സംസാര സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള അവകാശം നിയന്ത്രിക്കാനാവില്ലെന്ന് പറഞ്ഞതും പ്രതിപക്ഷനേതാവ് സൂചിപ്പിച്ചു.

അതേസമയം, ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിനെതിരെ പരാതി നൽകിയ ആൾക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല പ്രതിനിധീകരിക്കുന്ന സംഘടനയെ കുറിച്ച് അന്വേഷിക്കണമെന്നാണ് പൊതു പ്രവർത്തകനായ കുളത്തൂർ ജയ്സിങ്ങിന്റെ പരാതി. ഇതിനിടെപാട്ടിനെതിരെ കേസെടുത്തതിൽ സർക്കാർ നടപടികൾ പതുക്കെയാക്കി. പാട്ടിനെതിരെ കേസെടുത്തത് വലിയ നാണക്കേടായി എന്ന് സിപിഎമ്മിനുള്ളിൽനിന്നുൾപ്പെടെ വിമർശനം ഉയർന്ന സാഹചര്യത്തിലാണിത്.
