വാഷിങ്ടണ്‍: അമേരിക്കയിലെ റോഡ് ഐലന്‍ഡിലുള്ള പ്രശസ്തമായ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വെടിവെയ്പ്പിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോര്‍ച്ചുഗീസ് പൗരനായ ക്ലോഡിയോ മാനുവല്‍ നെവസ് വാലന്റെയെ ആണ് ന്യൂഹാംഷെയറിലെ ഒരു സംഭരണകേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രൗണ്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെടിവെയ്പ്പ് നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബ്രൗണ്‍ യൂണിവേഴ്സിറ്റി സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ഒരു എംഐടി (MIT) പ്രൊഫസറെ കൊലപ്പെടുത്തിയതും ഇതേ പ്രതി തന്നെയാണെന്ന് പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട പ്രൊഫസറും പോര്‍ച്ചുഗല്‍ സ്വദേശിയായിരുന്നു.

25 വര്‍ഷം മുന്‍പ് ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് വിദ്യാര്‍ത്ഥിയായിരുന്നു ക്ലോഡിയോ. 2017 ലാണ് ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചത്. പ്രതി ഉപയോഗിച്ചിരുന്ന കാര്‍ ന്യൂഹാംഷെയറില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭീതിജനകമായ ഈ ആക്രമണ പരമ്പരയ്ക്ക് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയുടെ ആത്മഹത്യയോടെ കേസിന്റെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
