ദുബായ്: യുഎഇയില്‍ പെയ്ത കനത്ത മഴയ്ക്കും ഇടിമിന്നലിനും ഇടയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ മിന്നലേറ്റ വിസ്മയകരമായ ദൃശ്യം പുറത്ത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഈ അപൂര്‍വ ദൃശ്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
ആകാശത്തുനിന്നുള്ള മിന്നല്‍ പിണര്‍ ബുര്‍ജ് ഖലീഫയുടെ മുകള്‍ഭാഗത്ത് വന്നിടിക്കുന്നതും പിന്നീട് കെട്ടിടത്തിലൂടെ പടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ‘പ്രകൃതിയുടെ ശക്തി’ (Nature’s Power) എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ദുബായ് ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയുമാണ് അനുഭവപ്പെട്ടത്. ഇതിന്റെ ഭാഗമായുണ്ടായ ഇടിമിന്നലാണ് ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ പതിച്ചത്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായതിനാല്‍ മിന്നല്‍ ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്‍കൂട്ടി കണ്ട് അത്യാധുനികമായ മിന്നല്‍ രക്ഷാ കവചങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മിന്നല്‍ കെട്ടിടത്തിന് യാതൊരുവിധ കേടുപാടുകളും വരുത്തിയില്ല.
സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. ദുബായിലെ മഴക്കാലത്തെ മനോഹരവും എന്നാല്‍ ഭയപ്പെടുത്തുന്നതുമായ കാഴ്ച എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. മുന്‍പും സമാനമായ രീതിയില്‍ ബുര്‍ജ് ഖലീഫയില്‍ മിന്നലേറ്റ ചിത്രങ്ങള്‍ ഷെയ്ഖ് ഹംദാന്‍ പങ്കുവെച്ചിട്ടുണ്ട്.
