ടൊറന്റോ: വാട്ടർലൂവിൽ ഈ ക്രിസ്മസ് കാലത്ത് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ലഭിക്കുന്നത് വൈകുന്നുവെന്ന് റിപ്പോർട്ട്. ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’ എന്ന സംഘടന നടത്തുന്ന ഈ പരിപാടിയിൽ സമ്മാനങ്ങൾ വാങ്ങാനായി എത്തുന്ന കുടുംബങ്ങളുടെ എണ്ണം വളരെയധികം കൂടിയതിനാൽ പല കളിപ്പാട്ടങ്ങളുടെയും സ്റ്റോക്ക് തീർന്നുപോയതായി സംഘാടകർ അറിയിച്ചു.

പിന്നീട് നാട്ടുകാർ നൽകിയ പണം ഉപയോഗിച്ച് പുതിയ കളിപ്പാട്ടങ്ങൾ വാങ്ങിയാണ് സംഘാടകർ പ്രതിസന്ധി പരിഹരിച്ചത്. ഏകദേശം 29 വർഷമായി മുടങ്ങാതെ നടക്കുന്ന ഈ പദ്ധതി പ്രദേശത്തെ ഏറ്റവും വലിയ കാരുണ്യ പ്രവർത്തനമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. മോശം കാലാവസ്ഥയിലും മണിക്കൂറുകളോളം ക്യൂ നിന്നാണ് കുട്ടികൾക്ക് ഒരു ക്രിസ്മസ് സമ്മാനം ഉറപ്പാക്കാൻ മാതാപിതാക്കൾ എത്തുന്നത്. വാട്ടർലൂ പൊലീസിന്റെ പ്രത്യേക ക്യാംപെയിൻ വഴി രണ്ട് ദിവസം കൊണ്ട് ആറായിരത്തിലധികം കളിപ്പാട്ടങ്ങൾ ശേഖരിക്കാൻ സാധിച്ചതായി സംഘാടകർ അറിയിച്ചു. ഡിസംബർ 23 വരെ പൊതുജനങ്ങൾക്ക് കളിപ്പാട്ടങ്ങൾ സംഭാവനയായി നൽകാമെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
