എഡ്മിന്‍റൻ : റഫറണ്ടം പെറ്റീഷൻ ഫീസ് വർധിപ്പിച്ച് ആൽബർട്ട സർക്കാർ.ബുധനാഴ്ച പുറത്തിറക്കിയ മന്ത്രിസഭാ ഉത്തരവിൽ അപേക്ഷ ഫീസ് 500 ഡോളറിൽ നിന്ന് 25,000 ഡോളറായി ഉയർത്തിയതായി പറയുന്നു. നിസ്സാരമായ അപേക്ഷകൾ നിരുത്സാഹപ്പെടുതുന്നതിനും നികുതിദായകരെ സംരക്ഷിക്കാനുമാണ് ഫീസ് വർധിപ്പിച്ചെതെന്ന് നീതിന്യായ മന്ത്രി മിക്കി അമേരിയുടെ പ്രസ് സെക്രട്ടറി ഹീതർ ജെങ്കിൻസ് പറഞ്ഞു. അതേസമയം അപേക്ഷകൻ ഒപ്പ് ശേഖരണം വിജയകരമായി പൂർത്തിയാക്കുകയും റിപ്പോർട്ടിങ് ആവശ്യകതകൾ നിറവേറ്റുകയും ചെയ്താൽ ഫീസ് തിരികെ ലഭിക്കും.

ആൽബർട്ട റോക്കീസിൽ പുതിയ കൽക്കരി ഖനനം നിരോധിക്കുന്നതിനായി റഫറണ്ടം തേടുന്ന ഗായകനും ആക്ടിവിസ്റ്റുമായ കോർബ് ലണ്ട് ഈ മാറ്റത്തെ രൂക്ഷമായി വിമർശിച്ചു. ജനാധിപത്യ പ്രക്രിയയോട് യുസിപി സർക്കാരിന് ബഹുമാനവുമില്ലെന്ന് ഫീസ് വർധന തെളിയിക്കുന്നുവെന്ന് പ്രവിശ്യാ എൻഡിപി നിരൂപകൻ ഇർഫാൻ സാബിർ പറയുന്നു. ഈ മാറ്റം വ്യക്തമായും ജനാധിപത്യ നടപടികളെ അടിച്ചമർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
