ഓട്ടവ : മയക്കുമരുന്നുകളുടെ അനധികൃത നിർമാണവും വിതരണവും തടയാൻ നിയമം കർശനമാക്കി ഹെൽത്ത് കാനഡ. ഫെന്റനൈൽ, മെത്താംഫെറ്റാമൈൻ തുടങ്ങിയ മയക്കുമരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും ഉപകരണങ്ങളുടെയും വിനിമയത്തിലാണ് പ്രധാനമായും നിയന്ത്രണങ്ങൾ വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച്, മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകൾ കൈമാറ്റം ചെയ്യുമ്പോൾ സംശയാസ്പദമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാകും. കൂടാതെ, ഗുളികകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പിൽ പ്രസ്സുകൾ (Pill Presses), അവയുടെ ഭാഗങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനും രജിസ്ട്രേഷൻ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

അമിത അളവിലുള്ള മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ജലദോഷത്തിനുള്ള മരുന്നുകളിൽ അടങ്ങിയിട്ടുള്ള എഫെഡ്രിൻ, സ്യൂഡോ എഫെഡ്രിൻ തുടങ്ങിയ ഘടകങ്ങൾ അനധികൃത മയക്കുമരുന്ന് നിർമ്മാണത്തിനായി വൻതോതിൽ വഴിതിരിച്ചുവിടുന്നത് തടയാൻ പുതിയ നിയമം സഹായിക്കും. ക്രിമിനൽ സംഘങ്ങളുടെ ലഹരിമരുന്ന് ഉൽപ്പാദന ശൃംഖല തകർക്കാനും, അതിർത്തികളിൽ ഇത്തരം സാമഗ്രികൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകാനും ഈ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നു. കാനഡയിൽ നിന്നുള്ള മയക്കുമരുന്ന് കയറ്റുമതി കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഹെൽത്ത് കാനഡ അറിയിച്ചു.
