ഓട്ടവ: കാനഡക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകൾക്ക് പിന്നിൽ ഭീകരമായ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന് പുതിയ അന്വേഷണ റിപ്പോർട്ടുകൾ. ലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെട്ട സാധാരണക്കാരുടെ പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. ഏഷ്യൻ രാജ്യങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലിരുന്നാണ് തട്ടിപ്പുകാർ ആളുകളെ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കെണിയിൽ വീഴ്ത്തുന്നത്.
സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ ഈ തട്ടിപ്പ് നടത്തുന്നവരിൽ ഭൂരിഭാഗവും മനുഷ്യക്കടത്തിന് ഇരയായവരാണെന്നാണ് പൊലീസിന്റെ അനുമാനം. മികച്ച ജോലി വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുവരുന്ന ഇവരെ ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് ജോലി ചെയ്യിപ്പിക്കുന്നത്. ദിവസം 16 മണിക്കൂർ വരെ ജോലി ചെയ്യാനും ആളുകളെ പറ്റിച്ച് പണം തട്ടാൻ വിസമ്മതിക്കുന്നവരെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അവിടെനിന്നും രക്ഷപ്പെട്ട ഇരകൾ വ്യക്തമാക്കി.

സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പരസ്യങ്ങളാണ് പലപ്പോഴും ആളുകളെ ഇത്തരം ചതിക്കുഴികളിൽ എത്തിക്കുന്നത്. മെറ്റ പോലുള്ള വൻകിട കമ്പനികൾ ഇത്തരം തട്ടിപ്പുകളെ തടയാൻ വേണ്ടത്ര നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും ഈ ക്രിമിനൽ സംഘങ്ങൾ വ്യാപിക്കുകയാണെന്നും, നിക്ഷേപങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
