മൺട്രിയോൾ : കെബെക്ക് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ദുബെ സ്ഥാനം രാജിവെച്ചു. ഡോക്ടർമാരുടെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് വിവാദമായ ‘ബിൽ 2’ നിയമത്തെച്ചൊല്ലി സർക്കാരും മെഡിക്കൽ സംഘടനകളും തമ്മിലുള്ള തർക്കം രൂക്ഷമായതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. നിയമം നടപ്പിലാക്കുന്നതിൽ പാളിച്ചകൾ സംഭവിച്ചുവെന്നും ഡോക്ടർമാരുമായുള്ള ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ താൻ ഇനി അനുയോജ്യനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകക്ഷിയായ സിഎക്യു (CAQ) പാർട്ടിയിൽ നിന്നും രാജിവെച്ച ദുബെ ഇനി നിയമസഭയിൽ സ്വതന്ത്രനായി തുടരും.

അതേസമയം, ക്രിസ്റ്റ്യൻ ദുബെയുടെ പടിയിറക്കം പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ടിന്റെ സർക്കാരിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കോവിഡ് കാലത്ത് ആരോഗ്യ മേഖലയെ നയിച്ചതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു ദുബെ. ഡോക്ടർമാരുടെ കുറവും സേവനങ്ങളിലെ അനിശ്ചിതത്വവും കെബെക്കിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇതേ നിയമത്തെച്ചൊല്ലി ഒക്ടോബറിൽ സോഷ്യൽ സർവീസ് മന്ത്രി ലയണൽ കാർമന്റും രാജിവെച്ചിരുന്നു. ദുബെയുടെ രാജിയോടെ, പ്രവിശ്യയുടെ ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ, പുതിയൊരു നേതൃത്വത്തെ കണ്ടെത്തേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
