മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധക്കളത്തിൽ തന്റെ സൈന്യം വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. മോസ്കോയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്ൻ സൈന്യം എല്ലാ ഭാഗത്തുനിന്നും പിൻവാങ്ങുകയാണെന്നും, ഈ വർഷം അവസാനിക്കുന്നതിന് മുൻപ് റഷ്യ കൂടുതൽ വിജയങ്ങൾ നേടുമെന്നും പുടിൻ പറഞ്ഞു.

സമാധാന ചർച്ചകൾക്ക് റഷ്യ എപ്പോഴും തയ്യാറാണെന്നും എന്നാൽ യുക്രെയ്ൻ വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാൻ ചില നിബന്ധനകൾ പുടിൻ മുന്നോട്ടുവെച്ചിട്ടുണ്ട്. യുക്രെയ്ൻ നാറ്റോ സഖ്യത്തിൽ ചേരില്ലെന്ന് ഉറപ്പ് നൽകണമെന്നും റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങളിൽ നിന്ന് യുക്രെയ്ൻ സൈന്യം മാറിനിൽക്കണമെന്നുമാണ് പ്രധാന ആവശ്യം. തന്റെ പഴയ നിലപാടുകളിൽ മാറ്റമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. കുർസ്ക് മേഖലയിൽ നിന്ന് ശത്രുക്കളെ തുരത്തിയതോടെ യുദ്ധത്തിന്റെ നിയന്ത്രണം പൂർണ്ണമായും റഷ്യയുടെ കൈകളിലായെന്ന് പുടിൻ പറഞ്ഞു. എല്ലാ ദിശകളിലും ശത്രുസൈന്യം പരാജയപ്പെട്ട് പിന്തിരിയുകയാണെന്നും റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടു.
