മൺട്രിയോൾ : സ്ഥാനം ഒഴിഞ്ഞ് ഏകദേശം ആറ് മാസത്തിന് ശേഷം, കെബെക്ക് ലിബറൽ പാർട്ടിയുടെ (PLQ) ഇടക്കാല നേതാവായി മാർക്ക് ടാങ്‌വേ തിരിച്ചെത്തി. 2022 നവംബർ മുതൽ ഈ വർഷം ജൂൺ വരെ പാർട്ടി ലീഡറായി സേവനമനുഷ്ഠിച്ച ടാങ്‌വേയെ വീണ്ടും ചുമതല ഏൽപ്പിക്കാൻ പാർട്ടി എക്സിക്യൂട്ടീവ് കൗൺസിലും ലിബറൽ കോക്കസും തീരുമാനിച്ചു. നിലവിലെ പാർട്ടി ലീഡർ മുൻ ഫെഡറൽ മന്ത്രി പാബ്ലോ റോഡ്രിഗസ് ബുധനാഴ്ച നേതൃസ്ഥാനം രാജിവെച്ചിരുന്നു.

ഭരണത്തിൽ തിരിച്ചെത്താൻ പാർട്ടി പ്രവർത്തന ശേഷി വീണ്ടെടുക്കുകയും പുരോഗതി കൈവരിക്കുകയും വേണമെന്ന്,” ടാങ്‌വേ പറഞ്ഞു. അടുത്ത ഘട്ടം ഒരു പുതിയ സ്ഥിരം നേതാവിനെ കണ്ടെത്തുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026 ഒക്ടോബർ 5 ന് പ്രവിശ്യാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പാർട്ടിക്ക് ഒരു പുതിയ നേതാവിനെ വേഗത്തിൽ കണ്ടെത്തേണ്ടതുണ്ട്, ടാങ്‌വേ പറയുന്നു.

അതേസമയം നേതൃത്വമത്സരത്തിലെ മുൻ സ്ഥാനാർത്ഥി കാൾ ബ്ലാക്ക്ബേൺ വീണ്ടും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ പാബ്ലോ റോഡ്രിഗസിനോട് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട ചാൾസ് മില്ലിയാർഡും മത്സരരംഗത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
