ടൊറന്റോ: വളർത്തുപൂച്ചയുമായി കാറിൽ യാത്ര ചെയ്ത യുവതിക്ക് ട്രാഫിക് നിയമലംഘനത്തിന് വൻ പിഴ. ഒന്നിലധികം യാത്രക്കാരുള്ള വാഹനങ്ങൾക്ക് മാത്രമായുള്ള എച്ച്ഒവി ലൈനിലൂടെ പൂച്ചയ്‌ക്കൊപ്പം ഒറ്റയ്ക്ക് വാഹനമോടിച്ചതിനാണ് ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് യുവതിയെ പിടികൂടിയത്. ഹൈവേ 417-ന് സമീപം ടെറി ഫോക്സ് ഡ്രൈവിലൂടെ വാഹനം ഓടിക്കുമ്പോഴാണ് പൊലീസ് ഇവരെ തടഞ്ഞത്. വാഹനത്തിൽ രണ്ടുപേർ വേണമെന്ന നിബന്ധന പാലിക്കാൻ പൂച്ച കൂടെയുണ്ടല്ലോ എന്നായിരുന്നു യുവതിയുടെ വാദം. എന്നാൽ നിയമപ്രകാരം വളർത്തുമൃഗങ്ങളെ യാത്രക്കാരായി കണക്കാക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.

നിയമലംഘനത്തിന് യുവതിക്ക് 110 ഡോളർ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റും ശിക്ഷയായി ലഭിച്ചു. വളർത്തുമൃഗങ്ങളെ ഒരിക്കലും യാത്രക്കാരായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഒന്റാരിയോ പൊലീസ് സമൂഹമാധ്യമമായ എക്സിലൂടെ (X) കുറിച്ചു. സുരക്ഷയും ഗതാഗത സൗകര്യവും മുൻനിർത്തിയാണ് ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
