കിച്ചനർ : അതിശക്തമായ മഞ്ഞുവീഴ്ചയും താപനിലയിലെ പെട്ടെന്നുള്ള ഇടിവും കാരണം, വെല്ലിങ്ടൺ കൗണ്ടിയിലും പരിസരപ്രദേശങ്ങളിലും സ്കൂൾ ബസ് സർവീസുകൾ ഭാഗികമായി റദ്ദാക്കി. സെന്റർ വെല്ലിങ്ടൺ, നോർത്ത് വെല്ലിങ്ടൺ, ഡഫറിൻ എന്നീ മേഖലകളിലെ ബസുകളും ടാക്സികളുമാണ് റദ്ദാക്കിയത്. ഗ്വൽഫ് മേഖലയിൽ ബസുകൾ ഓടുന്നുണ്ടെങ്കിലും വാട്ടർലൂ റീജിനിൽ സർവീസുകൾ 30 മിനിറ്റ് വരെ വൈകാനാണ് സാധ്യത. മഴയ്ക്ക് പിന്നാലെ മഞ്ഞ് വീഴുകയും റോഡുകൾ മൂടുകയും ചെയ്തതോടെ ഗതാഗതം ദുഷ്കരമായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മൗണ്ട് ഫോറസ്റ്റ്, ഓറഞ്ച് വിൽ എന്നീ ഭാഗങ്ങളിൽ 10 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. റോഡുകളിൽ വഴുക്കൽ ഉള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് നിർദ്ദേശിച്ചു. ജലാശയങ്ങളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരങ്ങളിൽ പോകുന്നവർ ശ്രദ്ധിക്കണമെന്നും ഐസിന് മുകളിൽ കയറുന്നത് അപകടമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
