ടൊറന്റോ : കിന്റർഗാർട്ടൻ വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരുത്തുന്ന പുതിയ കരിക്കുലം പുറത്തിറക്കി ഒന്റാരിയോ സർക്കാർ. 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ‘ബാക്ക്-ടു-ബേസിക്സ്’ (Back-to-Basics) പദ്ധതി പ്രകാരം, കുട്ടികൾക്ക് വായന, എഴുത്ത്, ഗണിതം എന്നിവയിൽ കൂടുതൽ ഊന്നൽ നൽകുന്ന പഠനരീതിയായിരിക്കും ലഭ്യമാകുക. നിലവിലുള്ള ‘പ്ലേ-ബേസ്ഡ്-ലേണിങ്’ (Play-based learning) രീതിയിൽ നിന്ന് മാറി, ചെറിയ പ്രായത്തിൽ തന്നെ അക്കാദമിക് മികവ് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പുതിയ മാറ്റമനുസരിച്ച് കിന്റർഗാർട്ടൻ കുട്ടികൾക്ക് ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ, വായനാ വൈദഗ്ധ്യം, ശാസ്ത്ര-സാങ്കേതിക വൈദഗ്ധ്യം എന്നിവ നിർബന്ധമാക്കും. അതേസമയം, ഈ നീക്കത്തിനെതിരെ അധ്യാപക സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. നാല് വയസ്സുള്ള കുട്ടികൾക്ക് ഇത്രയും കഠിനമായ പഠനഭാരം നൽകുന്നത് അവരുടെ സ്വാഭാവിക വികാസത്തെ ബാധിക്കുമെന്നും, വിദഗ്ധരുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും ഇവർ ആരോപിക്കുന്നു. അധ്യാപകർക്ക് പരിശീലനം നൽകാൻ വെബിനാറുകൾ മാത്രം പോരെന്നും പ്രായോഗികമായ പരിശീലനം ആവശ്യമാണെന്നും അധ്യാപക സംഘടനയായ ETFO വ്യക്തമാക്കി.
