വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിൽ ഫ്ലൂ സീസൺ കഠിനമായി ബാധിക്കുന്നു. പ്രവിശ്യയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായി ബി.സി. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ രണ്ടാമത്തെ ആഴ്ചയിൽ ചുമയോ പനിയോ ബാധിച്ച് പ്രവിശ്യയിലെ പീഡിയാട്രിക് എമർജൻസിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം 29 ശതമാനമായി.

ഈ സീസണിൽ കണ്ടെത്തിയ H3N2 ഫ്ലൂ വകഭേദം മൂലം കുട്ടികൾ രോഗികളാകാനുള്ള സാധ്യത അൽപ്പം കൂടുതലാണെന്ന് പബ്ലിക് ഹെൽത്ത് റെസ്‌പോൺസ് യൂണിറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. ജെന്നിഫർ വൈൻസ് പറയുന്നു. രോഗബാധിതരാകുന്ന കുട്ടിളുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി വർധിച്ചു വരികയാണ്, അവർ പറഞ്ഞു. കുട്ടിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട്, വായിൽ ചുറ്റും നീലകലർന്ന നിറം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര ചികിത്സ നൽകണമെന്ന് ഡോ. ജെന്നിഫർ നിർദ്ദേശിച്ചു. പനി സംബന്ധമായ മരണങ്ങൾ അപൂർവമാണെങ്കിലും, ഈ വർഷം കിഴക്കൻ ഒൻ്റാരിയോയിൽ ഇതിനകം മൂന്ന് കുട്ടികൾ മരിച്ചു.
