Saturday, December 20, 2025

തോഷാഖാന അഴിമതിക്കേസ്: ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവുശിക്ഷ

ഇസ്ലാമാബാദ്: തോഷാഖാന അഴിമതിക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിക്കും അഴിമതി വിരുദ്ധ കോടതി 17 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു. ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച വിലപിടിപ്പുള്ള വിദേശ സമ്മാനങ്ങള്‍ (തോഷഖാന) കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുകയും മറിച്ചുവിറ്റ് ലാഭമുണ്ടാക്കുകയും ചെയ്തുവെന്ന കേസിലാണ് വിധി. പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 409 (വിശ്വാസവഞ്ചന) പ്രകാരം 10 വര്‍ഷത്തെ കഠിനതടവും, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷത്തെ തടവുമാണ് ഇരുവര്‍ക്കും വിധിച്ചത്. ഇരുവരും 16.4 ദശലക്ഷം പാക്കിസ്ഥാന്‍ രൂപ വീതം പിഴയായും ഒടുക്കണം.

സൗദി കിരീടാവകാശി ഉള്‍പ്പെടെയുള്ള വിദേശ നേതാക്കള്‍ നല്‍കിയ ആഭരണങ്ങളും വിലകൂടിയ വാച്ചുകളും സര്‍ക്കാര്‍ ഖജനാവില്‍ (തോഷഖാന) നിക്ഷേപിക്കാതെ സ്വന്തം ലാഭത്തിനായി ഉപയോഗിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഏതാണ്ട് 14 കോടിയിലധികം പാക് രൂപയുടെ സമ്മാനങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ ‘തോഷാഖാന’യില്‍ (സമ്മാനപ്പുര) നിക്ഷേപിക്കാതെ മറിച്ചുവിറ്റു എന്നാരോപിച്ച് 2024 ജൂലൈയിലാണ് കേസ് ഫയല്‍ ചെയ്തത്.

ഈ കേസില്‍ ബുഷ്‌റ ബീബിക്ക് 2024 ഒക്ടോബറിലും ഇമ്രാന്‍ ഖാന് തൊട്ടടുത്ത മാസവും ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. മറ്റൊരു കേസില്‍ ഇരുവരും അദിയാല ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് പുതിയ വിധി വരുന്നത്. ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!