ഓട്ടവ : കാനഡയുടെ ജി7 അധ്യക്ഷപദവി ഔദ്യോഗികമായി ഫ്രാൻസിന് കൈമാറുന്നതിന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. 2025-ൽ കാനഡയുടെ നേതൃത്വത്തിൽ നടന്ന ജി7 ഉച്ചകോടി വൻ വിജയമാക്കിയതിന് മാക്രോൺ കാർണിയെ അഭിനന്ദിച്ചു. ആഗോള സുരക്ഷ ശക്തമാക്കുന്നതിനും ഊർജ്ജ മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനും സുസ്ഥിരമായ ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും കാനഡയുടെ അധ്യക്ഷപദവിക്ക് കീഴിൽ നടത്തിയ പ്രവർത്തനങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ആൽബർട്ടയിലെ കനനാസ്കിസിൽ വെച്ചായിരുന്നു ഇത്തവണത്തെ ജി7 ഉച്ചകോടി നടന്നത്.

2026-ൽ ഫ്രാൻസ് ജി7 അധ്യക്ഷപദവി ഏറ്റെടുക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. ലോകം കൂടുതൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിട്ടിക്കൽ മിനറൽസ്, ഊർജ്ജം എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കാനും ആഗോള സാമ്പത്തിക സ്ഥിരത നിലനിർത്താനും അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
