ഓട്ടവ: കാനഡയിൽ കുടിയേറ്റത്തോടുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടിൽ വലിയ മാറ്റം സംഭവിക്കുന്നതായി റിപ്പോർട്ട്. കുടിയേറ്റം രാജ്യത്തിന് ഗുണകരമാണെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിച്ചിരുന്നെങ്കിളും ഇപ്പോൾ പകുതിയിലധികം പേരും കുടിയേറ്റക്കാരുടെ എണ്ണം പരിധി കടക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു . കോവിഡിന് ശേഷം കുടിയേറ്റം വർധിച്ചതും അതോടൊപ്പം ഭവനക്ഷാമവും ജീവിതച്ചെലവും ഉയർന്നതുമാണ് ഇതിന് പ്രധാന കാരണം.
ഈ സാഹചര്യം കണക്കിലെടുത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. 4.85 ലക്ഷം സ്ഥിരതാമസക്കാരുടെ എണ്ണം 2026-ഓടെ 3.8 ലക്ഷമായി ചുരുക്കും. താൽക്കാലിക താമസക്കാരുടെ എണ്ണത്തിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാജ്യത്തെ ആരോഗ്യരംഗത്തും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലുമുള്ള അമിത സമ്മർദ്ദം കുറച്ച് കുടിയേറ്റ സംവിധാനം കൂടുതൽ സുസ്ഥിരമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.

കുടിയേറ്റത്തോടുള്ള എതിർപ്പ് വർധിക്കുന്നത് രാജ്യത്ത് വംശീയ വിദ്വേഷം വളരാനും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. അതേ സമയം ദക്ഷിണേഷ്യൻ വംശജർക്കെതിരെയുള്ള അതിക്രമങ്ങളിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. കാനഡയിലെ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാൽ ഇത് ഇന്ത്യൻ സമൂഹത്തെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. സാമ്പത്തിക ഭദ്രതയും ജീവിതസൗകര്യങ്ങളും മെച്ചപ്പെട്ടാൽ മാത്രമേ ഈ വിദ്വേഷം കുറയുകയുള്ളൂവെന്ന് വിദഗ്ധർ വ്യക്തമാക്കി.
