ഓട്ടവ: ചൈനയുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കാനഡ. ചൈനയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമ്പോൾ കൃത്യമായ ‘സുരക്ഷാ അതിർവരമ്പുകൾ’ നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. നിർമ്മിത ബുദ്ധി, പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ചൈനയുമായി ആഴത്തിലുള്ള സഹകരണം ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയെ മാത്രം ആശ്രയിക്കുന്ന നിലവിലെ വ്യാപാര രീതിയിൽ മാറ്റം വരുത്തി പുതിയ വിപണികൾ കണ്ടെത്തുക എന്നതാണ് കാനഡയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എല്ലാ നിക്ഷേപങ്ങളും ഒരിടത്ത് തന്നെ കേന്ദ്രീകരിക്കുന്നത് അപകടമാണ്’ എന്ന നയമാണ് കാനഡ ഇപ്പോൾ സ്വീകരിക്കുന്നത്. അമേരിക്കയ്ക്ക് പുറമെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തമാക്കി വിപണി വിപുലീകരിക്കാനാണ് സർക്കാർ ലക്ഷ്യം. മുൻപ് ചൈനയുമായി നിലനിന്നിരുന്ന നയതന്ത്ര തടസ്സങ്ങൾ നീക്കി പുതിയൊരു തുടക്കത്തിനാണ് കാനഡ ശ്രമിക്കുന്നത്.
ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ ഉച്ചകോടിക്കിടയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ച വലിയ മാറ്റങ്ങൾക്ക് വഴിതുറന്നതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ തുടർച്ചയായി പ്രധാനമന്ത്രി ഉടൻ ചൈന സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. കാനഡയുടെ കനോല ഉൽപ്പന്നങ്ങൾക്ക് ചൈന ഏർപ്പെടുത്തിയ താരിഫ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ നടന്നേക്കും.

അതേസമയം, ചൈനയുമായുള്ള ബന്ധത്തിൽ അതീവ ജാഗ്രത വേണമെന്ന് മുൻ നയതന്ത്രജ്ഞർ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങൾ, തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ കാനഡ വിട്ടുവീഴ്ച ചെയ്യരുതെന്ന് മുൻ അംബാസഡർ ഗൈ സെന്റ് ജാക്സ് അഭിപ്രായപ്പെട്ടു. തന്ത്രപരമായ മേഖലകളിൽ ചൈന കടന്നുകയറുന്നില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
