ഷാർലെറ്റ്ടൗൺ : ഈ സീസണിലെ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നതായി മുന്നറിയിപ്പ് നൽകി പ്രിൻസ് എഡ്വേർഡ് ഐലൻഡ് (പിഇഐ) ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ഹെതർ മോറിസൺ. ഇതുവരെ റിപ്പോർട്ട് ചെയ്ത 69 കേസുകളിൽ 27 എണ്ണവും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് സ്ഥിരീകരിച്ചത്. നിലവിൽ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് പേർ മുതിർന്ന പൗരന്മാരും ഒരാൾ കുട്ടിയുമാണ്. അഞ്ച് മുതൽ 19 വയസ്സുവരെയുള്ളവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നതെങ്കിലും, പ്രായമായവരിലും ഒൻപത് വയസ്സിൽ താഴെയുള്ള കുട്ടികളിലും രോഗം ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇൻഫ്ലുവൻസ സീസൺ നേരത്തെ എത്തിയതിനാൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഡോ. മോറിസൺ നിർദ്ദേശിച്ചു. കൈകൾ ഇടയ്ക്കിടെ കഴുകുക, അസുഖമുള്ളപ്പോൾ വീട്ടിൽ തന്നെ കഴിയുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം. വാക്സിനേഷൻ എടുക്കുന്നത് രോഗത്തെ പൂർണ്ണമായും തടയില്ലെങ്കിലും ആശുപത്രിവാസം ഒഴിവാക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. പ്രവിശ്യയിലെ ഫാർമസികളിലും ക്ലിനിക്കുകളിലും നിലവിൽ വാക്സിനുകൾ ലഭ്യമാണ്.
