ഇസ്ലാമാബാദ്: പാക്കിസ്ഥാന് ലോകബാങ്ക് ഏകദേശം 70 കോടി ഡോളർ വായ്പ അനുവദിച്ചത് അന്താരാഷ്ട്ര തലത്തിൽ വിവാദങ്ങൾക്ക് തിരിക്കൊളുത്തി. രാജ്യത്തിന്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിഭാവനം ചെയ്ത ‘PRID-MPA’ പദ്ധതിയുടെ ഭാഗമായാണ് ഈ തുക കൈമാറുന്നത്. ഈ വായ്പയിൽ 60 കോടി ഡോളർ ഫെഡറൽ പ്രോഗ്രാമിനും ബാക്കി 10 കോടി ഡോളർ സിന്ധ് പ്രവിശ്യയിലെ വികസന പ്രവർത്തനങ്ങൾക്കുമാണ് നീക്കിവച്ചിരിക്കുന്നത്.
വായ്പകൾ നൽകുന്നതിൽ ലോകബാങ്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പാക്കിസ്ഥാനിലെ സാമ്പത്തിക സുതാര്യതയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. വ്യക്തമല്ലാത്ത ബജറ്റുകളും രാഷ്ട്രീയ ഇടപെടലുകളും നിക്ഷേപങ്ങളെ തളർത്തുന്നുവെന്ന് ഐഎംഎഫ്-ലോകബാങ്ക് സംയുക്ത റിപ്പോർട്ട് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പാക്കിസ്ഥാൻ പലപ്പോഴും കടബാധ്യതകൾ തീർക്കാൻ പുതിയ വായ്പകളെ ആശ്രയിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഓഗസ്റ്റിൽ പഞ്ചാബ് പ്രവിശ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി നൽകിയ ധനസഹായത്തിന് പിന്നാലെയാണ് ഇപ്പോൾ പുതിയ തുക അനുവദിച്ചിരിക്കുന്നത്.

പാക്കിസ്ഥാനുള്ള ഈ അന്താരാഷ്ട്ര ധനസഹായം ദക്ഷിണേഷ്യൻ മേഖലയിൽ പുതിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചേക്കും. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതുൾപ്പെടെയുള്ള ആശങ്കകൾ മുൻനിർത്തി ഇന്ത്യ ലോകബാങ്കിന്റെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുമെന്നാണ് റിപ്പോർട്ട്. ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കടബാധ്യതകൾക്ക് പുറമെ ലോകബാങ്ക് വായ്പകൾ കൂടി വരുന്നത് പാക്കിസ്ഥാന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നുണ്ട്.
