ഓട്ടവ : കാനഡയിൽ അവധിക്കാലത്തോടനുബന്ധിച്ച് ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഷോപ്പിങ് തിരക്കിലും ആവേശത്തിലും ആളുകൾ ജാഗ്രത കുറയ്ക്കുന്ന അവസരം മുതലെടുത്ത് കോടിക്കണക്കിന് ഡോളറാണ് തട്ടിപ്പുകാർ ഓരോ വർഷവും കവരുന്നത്. വ്യാജ വെബ്സൈറ്റുകൾ വഴിയുള്ള ഓഫറുകൾ, ഗിഫ്റ്റ് കാർഡുകളിൽ ബാർകോഡ് ഒട്ടിച്ച് നടത്തുന്ന കൃത്രിമങ്ങൾ, ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനയുള്ള ഫോൺ വിളികൾ എന്നിവയിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഗിഫ്റ്റ് കാർഡുകൾ വഴി പണമടയ്ക്കാൻ ആരെങ്കിലും ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ പ്രധാന ലക്ഷണമാണെന്ന് സൈബർ വിദഗ്ധനായ ടെറി കട്ലർ ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ മീഡിയ വഴിയുള്ള റൊമാൻസ് സ്കാമുകളും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനെന്ന പേരിൽ വരുന്ന വ്യാജ ലിങ്കുകളും പണം നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്. സുരക്ഷിതമായിരിക്കാൻ പാസ്വേഡുകൾ ഇടയ്ക്കിടെ മാറ്റാനും ടു-ഫാക്ടർ ഓതന്റിക്കേഷൻ (two-factor authentication) ഉപയോഗിക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു. അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും ബാങ്ക് വിവരങ്ങൾ ഫോണിലൂടെ കൈമാറാതിരിക്കുകയും ചെയ്യുന്നത് വഴി ഇത്തരം കെണികളിൽ നിന്ന് രക്ഷപ്പെടാം. വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതിനായി ഇവർ അതിവേഗം മാറുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
