ഓട്ടവ: ഇസ്രയേൽ അധികൃതർ വെസ്റ്റ് ബാങ്കിലേക്കുള്ള പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കനേഡിയൻ പ്രതിനിധി സംഘം കാനഡയിൽ തിരിച്ചെത്തി. ചൊവ്വാഴ്ചയാണ് “കനേഡിയൻ മുസ്ലിം വോട്ട്” എന്ന സംഘടന സംഘടിപ്പിച്ച യാത്ര, ജോർദാൻ അതിർത്തിയിൽ വെച്ച് ഇസ്രയേൽ തടഞ്ഞത്. യാത്ര സംഘടിപ്പിച്ചവർക്ക് രാജ്യം ഭീകരസംഘടനയായി പ്രഖ്യാപിച്ച ‘ഇസ്ലാമിക് റിലീഫ് വേൾഡ് വൈഡ്’ എന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് ഇസ്രയേലിന്റെ വിശദീകരണം . ചാരിറ്റബിൾ സംഘടനകളുടെ പ്രതിനിധികളും ഉൾപ്പെടുന്ന ഏകദേശം 30 കനേഡിയൻ പൗരന്മാരുടെ സംഘത്തിൽ ആറ് എംപിമാരും ഉണ്ടായിരുന്നു.

ഇസ്രയേൽ അതിർത്തി ഉദ്യോഗസ്ഥർ തങ്ങളോട് പെരുമാറിയ രീതി വളരെ മോശമാണെന്നും അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതാണെന്നും മൺട്രിയോൾ എംപി സമീർ സുബേരി പറഞ്ഞു. മണിക്കൂറുകളോളം നീണ്ട പരിശോധനയ്ക്കിടെ ഒൻ്റാരിയോയിൽ നിന്നുള്ള ലിബറൽ എം.പി ഇഖ്റ ഖാലിദിനോട് ഇസ്രയേൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം യാത്രാ വിലക്കിനെത്തുടർന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ ഇസ്രയേൽ അംബാസഡറെ ചൊവ്വാഴ്ച വിളിച്ചുവരുത്തിയതായി വിദേശകാര്യ മന്ത്രി അനിത ആനന്ദിന്റെ ഓഫീസ് വക്താവ് അറിയിച്ചു.
