റെജൈന : പാർക്കിങ് പിഴകൾ സാധാരണയായി ഡ്രൈവർമാർക്ക് അതൃപ്തി ഉണ്ടാക്കാറുള്ള ഒന്നാണെങ്കിലും, നോർത്ത് ബാറ്റിൽഫോർഡിൽ ഇത് ക്രിസ്മസ് സന്തോഷം പകരുന്ന ഒന്നായി മാറുകയാണ്. പിഴ തുകയ്ക്ക് തുല്യമായതോ അതിലധികമോ വിലയുള്ള കളിപ്പാട്ടങ്ങൾ നൽകി പാർക്കിങ് ടിക്കറ്റുകൾ ഒഴിവാക്കാമെന്ന ‘ടോയ്സ് ഫോർ ടിക്കറ്റ്സ്’ (Toys for Tickets) എന്ന പദ്ധതിയാണ് നഗരത്തിൽ ശ്രദ്ധേയാകർഷിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി വിജയകരമായി നടപ്പിലാക്കി വരുന്ന പരിപാടിയിലൂടെ ശേഖരിക്കുന്ന കളിപ്പാട്ടങ്ങൾ പ്രാദേശിക ചാരിറ്റി സ്ഥാപനങ്ങൾക്കാണ് കൈമാറുന്നത്. ഈ വർഷം ബാറ്റിൽഫോർഡ്സ് ഇന്റർവെൽ ഹൗസ് എന്ന വനിതാ അഭയകേന്ദ്രത്തിനാണ് കളിപ്പാട്ടങ്ങൾ നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

ഡിസംബർ ഒന്നു മുതൽ പത്തൊൻപത് വരെയായിരുന്നു ഈ വർഷത്തെ പദ്ധതിയുടെ കാലാവധി. മുൻവർഷങ്ങളിൽ ശേഖരിച്ച കളിപ്പാട്ടങ്ങൾ ഫുഡ് ബാങ്കിന്റെ ക്രിസ്മസ് കിറ്റുകളിലേക്കാണ് കൈമാറിയിരുന്നത്. വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടി വരുന്ന കുട്ടികൾക്ക് ഇത്തരം സമ്മാനങ്ങൾ വലിയ സന്തോഷമാണ് നൽകുന്നതെന്ന് അഭയകേന്ദ്രം ഭാരവാഹികൾ വ്യക്തമാക്കി. നിയമലംഘനത്തിന് പിഴയടയ്ക്കുന്നതിന് പകരം മറ്റൊരാളെ സഹായിക്കാൻ അവസരം നൽകുന്ന ഈ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീസൺ അവസാനിക്കുമ്പോൾ, ബാറ്റിൽഫോർഡ്സ് ഇന്റർവെൽ ഹൗസിലെ കുടുംബങ്ങൾക്ക് ക്രിസ്മസ് സന്തോഷം പകരുന്ന കളിപ്പാട്ടങ്ങൾ ഉടൻ എത്തിച്ചു നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
