ഓട്ടവ : നവംബർ, ഡിസംബർ മാസങ്ങളിലെ അവധിക്കാലത്തോടനുബന്ധിച്ച് രക്തം, പ്ലാസ്മ എന്നിവ ദാനം ചെയ്യാൻ കാനഡ നിവാസികളോട് അഭ്യർത്ഥിച്ച് കനേഡിയൻ ബ്ലഡ് സർവീസസ്. യാത്രകളും ആഘോഷങ്ങളും കാരണം ഈ സമയത്ത് ദാതാക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാറുണ്ടെന്നും എന്നാൽ രോഗികളുടെ ആവശ്യത്തിന് മാറ്റമില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. രക്തത്തിന് നിശ്ചിത കാലാവധി മാത്രമുള്ളതിനാൽ അവ മുൻകൂട്ടി ശേഖരിച്ചു വെക്കാൻ കഴിയില്ല. കാൻസർ ചികിത്സയിലുള്ളവർക്കും ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്കും അവധിക്കാലത്തും രക്തം അത്യാവശ്യമാണെന്ന് പബ്ലിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് റോൺ വെസീന പറഞ്ഞു.

രക്തദാനം ഒരു ഗ്രൂപ്പ് പ്രവർത്തനമായി ഏറ്റെടുക്കാൻ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംഘടന ആവശ്യപ്പെട്ടു. 17 വയസ്സിന് മുകളിലുള്ള ആരോഗ്യവാന്മാരായ ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്. നിലവിൽ കാനഡയിൽ രക്തദാനത്തിന് യോഗ്യരായവരിൽ എഴുപത്തി അഞ്ചിൽ ഒരാൾ മാത്രമാണ് രക്തം നൽകുന്നത്. രക്തത്തിന് പുറമെ പ്ലാസ്മ, പ്ലേറ്റ്‌ലെറ്റുകൾ, സ്റ്റെം സെല്ലുകൾ എന്നിവയ്ക്കും വലിയ ആവശ്യകതയുണ്ട്. താല്പര്യമുള്ളവർക്ക് blood.ca എന്ന വെബ്‌സൈറ്റ് വഴിയോ GiveBlood ആപ്പ് വഴിയോ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
