എഡ്മിന്റൻ : ആൽബർട്ട-യുഎസ് അതിർത്തിയിലെ കുറ്റകൃത്യങ്ങൾ തടയാൻ കഴിഞ്ഞ വർഷം രൂപീകരിച്ച പ്രത്യേക സുരക്ഷാ സേനയെ (IPT) മറ്റ് മേഖലകളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രീമിയർ ഡാനിയേൽ സ്മിത്ത്. ആൽബർട്ടയിലെ ഏറ്റവും തിരക്കേറിയ കൗട്സ് ബോർഡർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമല്ലെന്ന്, അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയാൻ രൂപീകരിച്ച ഈ സേനയുടെ പ്രവർത്തനത്തിലൂടെ ബോധ്യപ്പെട്ടതായി സ്മിത്ത് പറഞ്ഞു. ഈ സാഹചര്യത്തിൽ സേനയുടെ സേവനം കൂടുതൽ ആവശ്യമുള്ള മറ്റ് ഇടങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കാനഡയിൽ നിന്നുള്ള ലഹരി കടത്ത് തടഞ്ഞില്ലെങ്കിൽ നികുതി വർധിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് 2.9 കോടി ഡോളർ ചിലവിൽ ഈ സേനയ്ക്ക് രൂപം നൽകിയത്. കൗട്സിൽ നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും, മറ്റ് ഉൾപ്രദേശങ്ങൾ വഴിയുള്ള ലഹരി കടത്ത് തടയാൻ കൂടുതൽ നിരീക്ഷണം ആവശ്യമാണെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റർ മൈക്ക് എല്ലിസ് പറഞ്ഞു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
