എഡ്മിന്റൻ: ആൽബർട്ടയിൽ നാലിലൊന്ന് ആളുകളും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നതായി സർവേ റിപ്പോർട്ട്. 2023-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പാലിനും പച്ചക്കറിക്കും ഉൾപ്പെടെ വില കുതിച്ചുയർന്നതോടെ സാധാരണക്കാർക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
വിലക്കയറ്റം കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്നതോടെ ഫുഡ് ബാങ്കുകളിൽ സഹായം തേടിയെത്തുന്നവരുടെ എണ്ണം റെക്കോർഡ് നിരക്കിലെത്തി. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ആളുകൾ നൽകുന്ന സംഭാവനകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ തന്നെ കഷ്ടപ്പെടുന്നതിനാൽ മറ്റുള്ളവരെ സഹായിക്കാൻ പലർക്കും സാധിക്കുന്നില്ലെന്ന് കാൽഗറി ഫുഡ് ബാങ്ക് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ പട്ടിണി മാറ്റേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി. ജോലി ചെയ്യുന്നവർക്ക് പോലും മാന്യമായി ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. നികുതി ഇളവുകളിലൂടെയും വരുമാനം വർധിപ്പിക്കുന്ന നയങ്ങളിലൂടെയും ജനങ്ങളുടെ ദാരിദ്ര്യം അകറ്റാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.
