ടൊറന്റോ: ഒന്റാരിയോയിൽ നിയമവിരുദ്ധമായി മീൻപിടിച്ച രണ്ട് അമേരിക്കൻ പൗരന്മാർക്ക് വൻ തുക പിഴ ചുമത്തി കോടതി. വടക്കൻ ഒന്റാരി യോയിലെ ഫ്രൂഡ് ലേക്കിൽ നിരോധന കാലയളവിൽ മീൻപിടിച്ചതിനാണ് ഒഹായോ സ്വദേശി ബ്രാഡ്ലി ബാർക്കർ, മിഷിഗൺ സ്വദേശി മാർക്ക് ബർഗർ എന്നിവർക്കെതിരെ നടപടിയെടുത്തത്. ആകെ 3,260 ഡോളറാണ് ഇവർക്ക് പിഴയായി വിധിച്ചത്.
പിടിക്കപ്പെട്ട മീനുകളുടെ ഇനം തിരിച്ചറിയാതിരിക്കാൻ അവയുടെ തൊലി നീക്കം ചെയ്ത അവസ്ഥയിലായിരുന്നു കണ്ടെത്തിയത്. ഇതിനെത്തുടർന്ന് പിഴയ്ക്ക് പുറമേ ഒന്റാരിയോയിൽ ഒരു വർഷത്തേക്ക് മീൻപിടുത്ത ലൈസൻസ് കൈവശം വെക്കുന്നതിനും മീൻപിടുത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രതികൾക്ക് നിരോധനം ഏർപ്പെടുത്തി.

കഴിഞ്ഞ ജൂൺ 20-ന് ഒരു കൺസർവേഷൻ ഓഫീസർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഈ പ്രദേശത്ത് സ്മോൾമൗത്ത് ബാസ് വിഭാഗത്തിൽപ്പെട്ട മീനുകളെ പിടിക്കാനുള്ള അനുമതി ജൂൺ 21-നാണ് ആരംഭിക്കുന്നത്. എന്നാൽ സീസൺ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഇവർ 22 മീനുകളെ നിയമവിരുദ്ധമായി പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത മീനുകളെ അധികൃതർ കണ്ടുകെട്ടി.
