ഇസ്‌ലാമാബാദ്: പാക്കിസ്ഥാനെയും പാക്ക് അധീന കശ്മീരിനെയും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിനിടെ തങ്ങള്‍ക്ക് ദൈവിക സഹായം ലഭിച്ചുവെന്നു പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീര്‍. ‘ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങള്‍ക്ക് അത് അനുഭവപ്പെട്ടു’ എന്നാണ് അസിം മുനീര്‍ പറഞ്ഞത്. ഇസ്ലാമാബാദില്‍ നടന്ന ദേശീയ ഉലമ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”അതിര്‍ത്തി കടന്നു നുഴഞ്ഞുകയറുന്ന ഭീകര സംഘങ്ങളില്‍ ഭൂരിഭാഗവും അഫ്ഗാന്‍ പൗരന്മാരാണ്. പാക്ക് താലിബാന്‍ അല്ലെങ്കില്‍ പാക്കിസ്ഥാന്‍, ഇതില്‍ ഒന്നിനെ മാത്രമേ അഫ്ഗാന്‍ ഭരണകൂടം അംഗീകരിക്കാന്‍ പാടുള്ളൂ. ലോകത്ത് 57 ഇസ്‌ലാമിക രാജ്യങ്ങളുണ്ട്. അതില്‍ അറേബ്യന്‍ ദേശത്തിന്റെ സംരക്ഷകരാകാനുള്ള ബഹുമതി ദൈവം നമുക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ” – അസിം മുനീര്‍ പറഞ്ഞു.

26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് മേയ് 7ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി നല്‍കിയത്. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണം. തുടര്‍ന്നുണ്ടായ നാല് ദിവസത്തെ തീവ്രമായ പോരാട്ടത്തില്‍ പാക് സേനയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ ഘട്ടത്തില്‍ സൈന്യത്തിന് അദൃശ്യമായ ദൈവിക ഇടപെടലുകള്‍ അനുഭവപ്പെട്ടുവെന്നും അത് തങ്ങളെ തുണച്ചുവെന്നുമാണ് മുനീര്‍ അവകാശപ്പെട്ടത്. മെയ് പത്തിന് ഇരുരാജ്യങ്ങളും സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
